കാൽഗറി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡിസംബർ മാസത്തിൽ നടന്ന തുടർച്ചയായ മോഷണക്കേസുകളിൽ അന്തർസംസ്ഥാന കുറ്റവാളി സംഘങ്ങൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഡിസംബർ അഞ്ചിനും 13-നും ഇടയിൽ ഹാംപ്ടൺസ്, എഡ്ജ്മോണ്ട്, മോണ്ടെറി പാർക്ക് എന്നീ മേഖലകളിലാണ് സമാന സ്വഭാവമുള്ള മൂന്ന് കവർച്ചകൾ റിപ്പോർട്ട് ചെയ്തത്.
വീടിൻ്റെ പിൻഭാഗത്തെ ഗ്ലാസ് വാതിലുകളോ ജനലുകളോ തകർത്ത് അകത്തുകയറുന്ന സംഘം, പ്രധാനമായും കിടപ്പുമുറികളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും ആഡംബര വസ്തുക്കളും മാത്രമാണ് ലക്ഷ്യമിടുന്നത്. വീട്ടുടമസ്ഥർ ഇല്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയിട്ടുള്ളതെന്നും എളുപ്പത്തിൽ ട്രാക്ക് ചെയ്യാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ സംഘം ഒഴിവാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.
ഈ കുറ്റകൃത്യങ്ങളിൽ 2024/2025 മോഡൽ സിൽവർ അല്ലെങ്കിൽ ഗ്രേ നിറത്തിലുള്ള ടൊയോട്ട സിയന്ന വാൻ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടന്ന മൂന്ന് സ്ഥലങ്ങളിലും ഈ വാഹനത്തിന്റെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. നിലവിൽ ലഭ്യമായ പ്രാഥമിക തെളിവുകൾ പരിശോധിച്ച പോലീസ്, ഇത് ഒരു പ്രത്യേക നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരല്ലെന്നും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്ന സംഘമാണെന്നും സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ പോലീസിനെയോ അല്ലെങ്കിൽ 'ക്രൈം സ്റ്റോപ്പേഴ്സിനെയോ' ബന്ധപ്പെടണമെന്ന് കൽഗറി പോലീസ് അഭ്യർത്ഥിച്ചു.