സ്‌കൂള്‍ ബസ് കാത്തുനിന്ന കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമം; ഫ്‌ളോറിഡയില്‍ യുവാവ് പിടിയില്‍

By: 600002 On: Jan 22, 2026, 11:38 AM



 

പി പി ചെറിയാന്‍

ഡിലാന്‍ഡ് (ഫ്‌ലോറിഡ): സ്‌കൂള്‍ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാന്‍ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരന്‍ പിടിയിലായി. ക്രിസ്റ്റഫര്‍ സ്റ്റീവന്‍ ഷ്വാബിള്‍ എന്നയാളെയാണ് ഡിലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്ന് മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ വീണ്ടും അക്രമം നടത്തിയത്.

ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷ്വാബിള്‍ പെട്ടെന്ന് വന്ന് കഴുത്തുഞെരിക്കുകയായിരുന്നു. കുട്ടി കുതറി ഓടിയതോടെ തടയാന്‍ വന്ന നാട്ടുകാരെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി.

അക്രമിയെ തടയാനായി ഒരു ദൃക്സാക്ഷി കയ്യിലുണ്ടായിരുന്ന ടൂള്‍ബോക്‌സ് ഉപയോഗിച്ച് പ്രതിരോധിക്കുകയും പോലീസ് വരുന്നത് വരെ ഇയാളെ കീഴ്‌പ്പെടുത്തി വെക്കുകയും ചെയ്തു.

കുട്ടിയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയും കുടുംബവും വലിയ ആഘാതത്തിലാണ്. പ്രതി നിലവില്‍ വൊലൂഷ്യ കൗണ്ടി ജയിലിലാണ്.