ചികിത്സ വൈകുന്നത് കാരണം ദുരിതമനുഭവിച്ച് എൻഡോമെട്രിയോസിസ് രോഗി, ആൽബെർട്ടയിൽ നിന്നും ചികിത്സ തേടി വിദേശത്തേക്ക്

By: 600110 On: Jan 22, 2026, 11:34 AM

ചികിത്സ വൈകുന്നത് കാരണം എൻഡോമെട്രിയോസിസ് രോഗി വിദേശത്തേക്ക് പോകാൻ നിർബന്ധിതയായതായി റിപ്പോർട്ട്.  എഡ്മൻ്റൺ സ്വദേശിയായ താലിയ അസു-ഗ്രെഗ് ആണ് വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നത്. കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ അമിതമായ കാലതാമസത്തിൻ്റെ മറ്റൊരു ഇരയാവുകയാണ് താലിയ.

കഠിനമായ ശാരീരിക വേദന മൂലം ജീവിതം താളംതെറ്റിയ താലിയയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ നേരിട്ട് കാണാൻ പോലും 2027 ജനുവരി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നാൽ വീണ്ടും നാല് വർഷത്തോളം കാത്തുനിൽക്കേണ്ടി വരും. ഇതോടെ തൻ്റെ ജീവിതം തിരിച്ചുപിടിക്കാൻ മെക്സിക്കോയിലെ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് എഡ്മൻ്റൺ സ്വദേശിനി വ്യക്തമാക്കുന്നു.

ഗർഭാശയത്തിന് പുറത്ത് അസ്വാഭാവികമായി കോശങ്ങൾ വളരുന്ന ഈ സങ്കീർണ്ണമായ അവസ്ഥ കാരണം കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാൽപ്പതിലധികം തവണയാണ് താലിയയ്ക്ക് ആംബുലൻസ് സഹായം തേടേണ്ടി വന്നത്. കഠിന വേദനയെത്തുടർന്ന് നൂറുകണക്കിന് മണിക്കൂറുകൾ എമർജൻസി വാർഡുകളിൽ ചെലവഴിക്കേണ്ടി വരുന്നത് രോഗിയുടെ മാനസികാരോഗ്യം തകർക്കുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. വെറും 'ആർത്തവ വേദന' എന്ന് പറഞ്ഞ് പലപ്പോഴും ആരോഗ്യപ്രവർത്തകർ തള്ളിക്കളയുന്ന എൻഡോമെട്രിയോസിസ്, യഥാർത്ഥത്തിൽ ഒരു സ്ത്രീയുടെ സ്വാഭാവിക ജീവിതത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണെന്ന് ഈ സംഭവം വീണ്ടും  അടിവരയിടുന്നു.