യുവാള്‍ഡെ സ്‌കൂള്‍ വെടിവെപ്പ്: ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു

By: 600002 On: Jan 22, 2026, 11:23 AM



പി പി ചെറിയാന്‍

കോര്‍പ്പസ് ക്രിസ്റ്റി (ടെക്‌സസ്): അമേരിക്കയിലെ യുവാള്‍ഡെ റോബ് എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിനിടെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് വിചാരണ നേരിട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അഡ്രിയാന്‍ ഗോണ്‍സാലസിനെ (52) കോടതി വെറുതെ വിട്ടു. 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട 2022-ലെ ദാരുണമായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന ആദ്യ വിചാരണയായിരുന്നു ഇത്.

ബുധനാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ടെക്‌സസിലെ ജൂറി ഗോണ്‍സാലസ് കുറ്റക്കാരനല്ലെന്ന് വിധിച്ചത്. കുട്ടികളെ അപകടത്തിലാക്കി (Child endangerment), ഉപേക്ഷിച്ചു കടന്നുകളഞ്ഞു തുടങ്ങി 29 കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

വെടിവെപ്പ് നടന്ന സമയത്ത് സ്‌കൂളിലെത്തിയ ആദ്യ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഗോണ്‍സാലസ്. എന്നാല്‍ അക്രമിയെ തടയാന്‍ തക്ക സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ അദ്ദേഹം പരമാവധി ശ്രമിച്ചെന്നുമാണ് അഭിഭാഷകര്‍ വാദിച്ചത്.

കോടതി വിധി കേട്ട് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. 'നീതി നിഷേധിക്കപ്പെട്ടു' എന്നും കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും ഇരകളുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

2022 മെയ് മാസത്തില്‍ നടന്ന വെടിവെപ്പില്‍ അക്രമി സ്‌കൂളിനുള്ളില്‍ കയറി 77 മിനിറ്റോളം അഴിഞ്ഞാടിയിട്ടും പുറത്ത് തടിച്ചുകൂടിയ 370-ഓളം പോലീസ് ഉദ്യോഗസ്ഥര്‍ അകത്തുകയറി അക്രമിയെ നേരിടാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഈ കേസില്‍ ഇനി വിചാരണ നേരിടാനുള്ളത് മുന്‍ സ്‌കൂള്‍ പോലീസ് ചീഫ് പീറ്റ് അറെഡോണ്ടോ മാത്രമാണ്. ഗോണ്‍സാലസിനെ വെറുതെ വിട്ട സാഹചര്യത്തില്‍ അറെഡോണ്ടോയ്‌ക്കെതിരെയുള്ള കേസും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്.