ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

By: 600002 On: Jan 22, 2026, 9:49 AM

 


      
രാജൂ തരകന്‍

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തല്‍ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയര്‍മാനായി പാസ്റ്റര്‍ തോമസ് മുല്ലയ്ക്കലും കോ-ചെയര്‍മാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നവംബര്‍ 15-ന് ഡാളസില്‍ കൂടിയ പൊതുയോഗത്തില്‍ വച്ചാണ് 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നല്‍കിയ പാസ്റ്റര്‍ മാത്യു ശാമുവലിന്റെ പ്രവര്‍ത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

നാല്‍പ്പതാമത് വര്‍ഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വര്‍ഷം ക്രമീകൃതമായ നിലയില്‍ പതിനൊന്നംഗ കമ്മറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. സിസ്റ്റേഴ്‌സ് കോ-ഓര്‍ഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓര്‍ഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓര്‍ഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റര്‍ മാത്യു ശാമുവേല്‍, പാസ്റ്റര്‍ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവര്‍ കമ്മറ്റിയംഗങ്ങളായും ചുമതലകള്‍ ഏറ്റെടുത്തു. ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളില്‍ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തില്‍ ദേശീയവും പ്രാദേശീയവുമായ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്.

2026 ജനുവരി 11 ന് കൂടിയ പൊതുയോഗത്തില്‍ വച്ച് ഈ വര്‍ഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30-ന് നടക്കുന്ന പ്രെയര്‍ലൈന്‍ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തില്‍ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്. (805)7065223 എന്ന നമ്പറില്‍ വിളിച്ചാല്‍ പ്രെയര്‍ലൈനില്‍ ജോയിന്‍ ചെയ്യാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026-ല്‍, എല്ലാ മൂന്നുമാസവും കൂടുമ്പോള്‍ സെമിനാറുകള്‍, ട്രെയിനിങ് പ്രോഗ്രാമുകള്‍, പ്രത്യേക പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 28-30 തീയതികളില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുന്നതാണ്.

അറുപതിലധികം സഭകളും ഇരുന്നൂറോളം പാസ്റ്റേഴ്‌സും ആയിരക്കണക്കിന് വിശാസികളുമുള്ള ഡാളസിലെ മലയാളിപെന്തക്കൊസ്തു സമൂഹം അമേരിക്കയിലെതന്നെ ഏറ്റവുമധികം മലയാളി പെന്തക്കോസ്ത് വിശ്വാസികളുള്ള പട്ടണമാണ്. പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറെന്‍സ് ഓഫ് ഡാളസ് യുവാക്കളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സഭകളെയും ഒരുമിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് നാല്‍പതാമത് വാര്‍ഷികം പ്രമാണിച്ച് വിവിധ പ്രോഗ്രാമുകള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.