സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സഹായവും സംരക്ഷണവും ഉള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്നും അതിനാൽ കാനഡ നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് പറഞ്ഞു.
കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണ്. മാർക്ക്, അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ ഇക്കാര്യം ഓർക്കണം," എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. കാനഡയ്ക്ക് അമേരിക്കയിൽ നിന്ന് ഒട്ടേറെ ആനുകൂല്യങ്ങൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്നും എന്നാൽ കനേഡിയൻ ഭരണകൂടം ഇതിനോട് വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷ മുൻനിർത്തി ഡെന്മാർക്കിൻ്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ മാർക്ക് കാർണി എതിർത്തിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഗ്രീൻലാൻഡിൻ്റെ ഭാവി തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം അവിടുത്തെ ജനങ്ങൾക്കും ഡെന്മാർക്കിനുമാണെന്നും, ഈ വിഷയത്തിൽ അമേരിക്ക ഏർപ്പെടുത്തുന്ന താരിഫുകളെ കാനഡ ശക്തമായി എതിർക്കുന്നുവെന്നും കാർണി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗ്രീൻലാൻഡിൽ താൻ വിഭാവനം ചെയ്യുന്ന 'ഗോൾഡൻ ഡോം' പ്രതിരോധ സംവിധാനം സ്വാഭാവികമായും കാനഡയ്ക്കും സുരക്ഷയൊരുക്കുമെന്നും, അമേരിക്കയുടെ പ്രതിരോധ നടപടികളെ നിസ്സാരമായി കാണുന്നത് നന്ദികേടാണെന്നും ട്രംപ് ലോക നേതാക്കളുടെ സാന്നിധ്യത്തിൽ മറുപടി നൽകി.