കാനഡയിൽ താൽക്കാലിക വിസയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വരും മാസങ്ങൾ നിർണ്ണായകമാകും. 2025-ലും 2026-ലുമായി ഏകദേശം 40 ലക്ഷത്തിലധികം ആളുകളുടെ താമസാനുമതി കാലാവധി അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 21 ലക്ഷം പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചു. ഈ വർഷം ഡിസംബറിനുള്ളിൽ 18 ലക്ഷത്തിലധികം പെർമിറ്റുകൾ കൂടി കാലാവധി തീരുന്നതോടെ വലിയൊരു വിഭാഗം ആളുകൾ രാജ്യം വിടേണ്ടി വരും.
വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, സന്ദർശകർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കാണ്. ഏകദേശം 2,65,000 സ്റ്റഡി പെർമിറ്റുകളാണ് ഈ വർഷം മാത്രം അവസാനിക്കുന്നത്. സ്ഥിരതാമസത്തിനുള്ള (PR) ക്വാട്ടയിൽ കാനഡ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, പഠനത്തിന് ശേഷം അവിടെ തുടരാമെന്ന് മോഹിച്ച പലരുടെയും പ്രതീക്ഷകൾ മങ്ങുകയാണ്.
ഒന്റാറിയോ പോലുള്ള പ്രധാന പ്രവിശ്യകളിൽ നോമിനി പ്രോഗ്രാമുകളിലെ എണ്ണം പകുതിയായി കുറച്ചതും പ്രവാസികളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഇതിനെതിരെ കാനഡയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാണ്. അതേസമയം, കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരെ പുറത്താക്കുന്ന നടപടികൾ റെക്കോർഡ് വേഗതയിലാണ് അധികൃതർ നടപ്പിലാക്കുന്നത്. പെർമിറ്റ് കാലാവധി തീരുന്നതിന് മുമ്പ് തന്നെ മറ്റ് നിയമപരമായ മാർഗ്ഗങ്ങൾ തേടുകയോ അല്ലാത്തപക്ഷം സ്വമേധയാ രാജ്യം വിടുകയോ ചെയ്യണമെന്നാണ് കുടിയേറ്റ നിയമ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.