ആൽബർട്ടയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ എൻ.ഡി.പി. രംഗത്ത്

By: 600110 On: Jan 22, 2026, 7:51 AM

ആൽബർട്ടയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ എൻ.ഡി.പി  രംഗത്തെത്തി. എമർജൻസി വിഭാഗങ്ങളിൽ ചികിത്സ വൈകുന്നത് മൂലം ഒഴിവാക്കാമായിരുന്ന ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം ശക്തമായത്.

ആശുപത്രികളിലെ നീണ്ട കാത്തിരിപ്പും തിരക്കും മൂലം മുപ്പതിലധികം പേരുടെ ജീവൻ അപകടത്തിലായതായി ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. ആശുപത്രി വരാന്തകളും വെയിറ്റിംഗ് റൂമുകളും 'മരണ മേഖലകളായി'മാറുകയാണെന്നും, അത്യാസന്ന നിലയിലുള്ള രോഗികൾ പോലും ചികിത്സ കിട്ടാതെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തളർന്നുവീഴുന്ന അവസ്ഥയാണെന്നും ഡോക്ടർമാർ  മുന്നറിയിപ്പ് നൽകിയിരുന്നു. എഡ്മന്റണിൽ എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്ന് മരിച്ച 44-കാരനായ മലയാളി പ്രശാന്ത് ശ്രീകുമാറിന്റെ വിയോഗം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആശുപത്രികളിലെ തിരക്ക് കുറയുന്നത് വരെ 'സ്റ്റേറ്റ് ഓഫ് എമർജൻസി' പ്രഖ്യാപിക്കണമെന്നാണ് എൻ.ഡി.പിയുടെ ആവശ്യം. ഇത്തരമൊരു പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്നാണ് അവരുടെ വാദം. ചികിത്സ ലഭിക്കുന്നതിന് മുൻപ് വെയിറ്റിംഗ് റൂമുകളിൽ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് എൻ.ഡി.പി നേതാവ് നഹീദ് നെൻഷി വ്യക്തമാക്കി. ആൽബർട്ട മെഡിക്കൽ അസോസിയേഷനും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.