കുടുംബ കോടതിയിൽ വളർത്തു പാമ്പിനെ കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിക്ക് വിലക്കേർപ്പെടുത്തി ഒൻ്റാരിയോ കോടതി. റിക്കോ എന്ന് പേരുള്ള ‘ആൽബിനോ ബോൾ പൈത്തൺ’ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് ഒൻ്റാരിയോ സ്വദേശി കൂടെക്കൂട്ടിയത്. തൻ്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ഒരു 'സർവീസ് അനിമൽ' ആണ് ഈ പാമ്പ് എന്നായിരുന്നു ഡാനിയൽ കിംഗ് എന്നയാളുടെ വാദം.മാനസിക പ്രയാസങ്ങൾ കുറയ്ക്കാൻ പാമ്പ് തന്നെ സഹായിക്കുന്നു എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇതിൻ്റെ തെളിവായി ഒരു ഡോക്ടറുടെ കുറിപ്പും പാമ്പിനുള്ള സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കി. എന്നാൽ പരിശോധനയിൽ ആ കുറിപ്പ് നൽകിയത് ഒരു യഥാർത്ഥ മെഡിക്കൽ പ്രൊഫഷണൽ അല്ലെന്ന് ജഡ്ജി കണ്ടെത്തി. പാമ്പിൻ്റെ പേരിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും വ്യാജമാണെന്നും കോടതിക്ക് ബോധ്യപ്പെട്ടു.
കേസിലെ എതിർകക്ഷിയായ സ്ത്രീ തനിക്ക് പാമ്പുകളെ വലിയ പേടിയാണെന്ന് കോടതിയെ അറിയിച്ചു. തന്നെ ഭയപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനുമാണ് ഡാനിയൽ കിംഗ് പാമ്പിനെ കൊണ്ടുവരുന്നതെന്ന് അവർ വാദിച്ചു.റിക്കോ എന്ന പാമ്പ് നിയമപരമായ ഒരു സഹായ മൃഗമല്ലെന്ന് ജസ്റ്റിസ് കാലം മക്ലിയോഡ് വിധിച്ചു. നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതോ മറ്റുള്ളവരെ ഭയപ്പെടുത്തുന്നതോ ആയ മൃഗങ്ങളെ കോടതിയിൽ അനുവദിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി.മുൻകൂട്ടി അനുവാദം വാങ്ങാതെ റിക്കോയെയോ മറ്റ് മൃഗങ്ങളെയോ കോടതിയിൽ കൊണ്ടുവരുന്നത് ഇതോടെ വിലക്കി.