കാൽഗറിയിൽ ഒരു കുടുംബത്തെ ഒരു വർഷത്തോളമായി സാമൂഹിക മാധ്യമങ്ങളിലൂടെ വേട്ടയാടുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ 27-കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാൽഗറി സ്വദേശിയായ ഇമ്രാൻ യൂസഫ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വ്യാജ അക്കൗണ്ടുകൾ വഴി ഒക്കടോക്സ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കെതിരെ ഇയാൾ നിരന്തരമായി ഭീഷണികൾ മുഴക്കി വരികയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇവരുടെ വാഹനത്തിൻ്റെ ടയറുകൾ പലതവണ നശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട കുടുംബത്തിന് പ്രതിയെ മുൻപരിചയമില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വ്യക്തമാക്കി. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ വധഭീഷണി, ഉപദ്രവിക്കൽ , പൊതുമുതൽ നശിപ്പിക്കൽ, മൃഗങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ഗൗരവകരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആർ.സി.എം.പി.യും കാൽഗറി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരു വ്യക്തിക്കു കൂടി ഇതേ അക്കൗണ്ടുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതും അറസ്റ്റ് വേഗത്തിലായതും