ഓട്ടിസം ബാധിച്ച മൂന്ന് വയസ്സുകാരനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By: 600002 On: Jan 21, 2026, 11:40 AM



 

പി പി ചെറിയാന്‍

കിന്‍സ്റ്റണ്‍ (നോര്‍ത്ത് കരോലിന): ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവും പീഡനത്തിന് കൂട്ടുനിന്ന യുവതിയും അറസ്റ്റിലായി. 37 വയസ്സുകാരനായ ജോഷ്വ സ്റ്റോക്ക്ടണ്‍ ആണ് പിടിയിലായത്. ഇയാളുടെ പങ്കാളി ആമി ഗോട്ടിയറും (40) അറസ്റ്റിലായിട്ടുണ്ട്.

കുട്ടിയുടെ ഡയപ്പര്‍ മാറ്റുന്നതിനിടെ കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വായയും മൂക്കും കൈകൊണ്ട് അമര്‍ത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് മൂത്ത മകന്‍ പീഡന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ കാണിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നതായും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ദമ്പതികളുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു.

പ്രതികളായ ജോഷ്വയെ 10 ലക്ഷം ഡോളര്‍ ബോണ്ടിലും ആമിയെ ഒരു ലക്ഷം ഡോളര്‍ ബോണ്ടിലും ജയിലിലടച്ചു. വധശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.