ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ കാനഡയുടെ ദേശീയ സുരക്ഷയ്ക്കും വാഹന നിർമ്മാണ മേഖലയ്ക്കും വലിയ വെല്ലുവിളിയാണെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രസ്താവിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായി ഒപ്പുവെച്ച പുതിയ വ്യാപാര കരാർ കാനഡക്കാരുടെ സ്വകാര്യത അപകടത്തിലാക്കുമെന്നും, ചൈനീസ് ചാരവൃത്തിക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനീസ് വാഹനങ്ങളിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പൗരന്മാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും, മുൻപ് സുരക്ഷാ കാരണങ്ങളാൽ നിരോധിച്ച Huawei കമ്പനിക്ക് സമാനമായ ഭീഷണിയാണ് ഇതിലൂടെ തിരിച്ചുവരുന്നതെന്നും ടൊറൻ്റോയിൽ നടന്ന മുനിസിപ്പൽ കോൺഫറൻസിൽ ഫോർഡ് ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി മാർക്ക് കാർണി, കാനഡയുടെ വാഹന വിപണിയെ ആധുനികവൽക്കരിക്കാനുള്ള സുപ്രധാന നീക്കമാണിതെന്ന് വ്യക്തമാക്കി. പ്രതിവർഷം പരിമിതമായ എണ്ണം വാഹനങ്ങൾ മാത്രം അനുവദിക്കുന്ന ഈ കരാർ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും, ഇതിന് പകരമായി കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള നികുതി ചൈന കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ വാഹന നിർമ്മാണ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഈ 'റീസെറ്റ്' നയം സഹായിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ആഗോള വിപണിയിൽ രാജ്യം കൂടുതൽ കോംപറ്റേറ്റീവ് ആകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു