ഫിഫ ലോകകപ്പ്: കാനഡയിലെ ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിലാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്

By: 600110 On: Jan 20, 2026, 10:34 AM

 

ഈ വർഷം ജൂണിൽ ടൊറൻ്റോയിലും വാൻകൂവറിലുമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ നിലവിൽ തന്നെ സമ്മർദ്ദത്തിലായ കാനഡയിലെ ആരോഗ്യസംവിധാനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർ രാജ്യത്തേക്ക് എത്തുമ്പോൾ, അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ അത്യാഹിത വിഭാഗങ്ങൾക്ക്  സാധിക്കില്ലെന്ന് ടൊറൻ്റോയിലെ എമർജൻസി ഫിസിഷ്യൻ ഡോ. കാതറിൻ വാർണർ ചൂണ്ടിക്കാട്ടി. 'കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ' എഴുതിയ ലേഖനത്തിലൂടെയാണ്, വൻതോതിലുള്ള ആൾക്കൂട്ടം എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യമേഖലയിലെ പോരായ്മകൾ പരിഹരിക്കേണ്ടതിൻ്റെ അനിവാര്യത അവർ വ്യക്തമാക്കിയത്.  

നിലവിൽ പല ആശുപത്രികളും 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും, ഒരു ചെറിയ അപകടം പോലും താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സംവിധാനങ്ങളെന്നും ഡോക്ടർമാർ പറയുന്നു. മുൻകാലങ്ങളിൽ കായിക മത്സരങ്ങൾക്കിടയിൽ മദ്യപാനവും തർക്കങ്ങളും മൂലം പരിക്കേറ്റവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സാഹചര്യം അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്റ്റേഡിയങ്ങളിലെ ഗാലറി തകരുന്നത് പോലുള്ള വലിയ ദുരന്തങ്ങൾ സംഭവിച്ചാൽ രോഗികളെ പ്രവേശിപ്പിക്കാൻ ഐസിയു ബെഡുകളോ ആവശ്യത്തിന് ഡോക്ടർമാരോ ഉണ്ടാകില്ലെന്ന ഭയമാണ് വിദഗ്ധർ പങ്കുവെക്കുന്നത്. പകർച്ചവ്യാധി പടരാനുള്ള സാധ്യത മുൻനിർത്തി നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മതിയായ കിടക്കകളും ജീവനക്കാരും ഉറപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം