കാനഡയിൽ ഭക്ഷ്യവില കുതിച്ചുയരുന്നു; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

By: 600110 On: Jan 20, 2026, 10:28 AM

 

കാനഡയിലെ ഭക്ഷ്യവില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 2.4 ശതമാനമായി ഉയർന്നു. ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്ന Tax Holiday അവസാനിച്ചതാണ് വിലക്കയറ്റം ഇത്രത്തോളം രൂക്ഷമാകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്ന 2.2 ശതമാനത്തെക്കാൾ ഉയർന്ന നിരക്കാണിത്. ഇതോടെ ജി7 രാജ്യങ്ങളിൽ ഭക്ഷ്യ പണപ്പെരുപ്പത്തിൽ കാനഡ ഒന്നാമതെത്തി. കടകളിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിലയിൽ പ്രധാനമായും ഇറച്ചി, മത്സ്യം, പച്ചക്കറികൾ എന്നിവയ്ക്കാണ് വലിയ വിലവർദ്ധനവ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബറിൽ കോഫിയുടെ വിലയിൽ 30 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ബീഫിന് 16.8 ശതമാനം വില കൂടി. റെസ്റ്റോറന്റുകളിലെ ഭക്ഷണ നിരക്കിലും 8.5 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നികുതി ഇളവുകൾ പിൻവലിച്ചതും വിതരണക്കാരും ചില്ലറ വ്യാപാരികളും തമ്മിലുള്ള കരാറുകളിലെ മാറ്റങ്ങളും വിപണിയിൽ വലിയ രീതിയിലുള്ള വില വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.