കാനഡയിൽ ഈ വർഷം റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ' മുന്നറിയിപ്പ് നൽകുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗത്തിനാകും 2026 സാക്ഷ്യം വഹിക്കുക. ആഗോള താപനില വ്യവസായ വിപ്ലവത്തിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 1.35 മുതൽ 1.53 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
2023-ലും 2025-ലും രാജ്യം നേരിട്ട കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാകും ഈ വേനൽക്കാലത്തും ഉണ്ടാവുക. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി രേഖപ്പെടുത്തിയ 2024-ന് തൊട്ടടുത്ത് വരെ ഈ വർഷത്തെ താപനിലയും എത്തിയേക്കും. 2026 മുതൽ 2030 വരെയുള്ള കാലയളവ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളായി മാറുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളം 51 ദിവസങ്ങളിലാണ് താപനില റെക്കോർഡുകൾ തകർന്നത്. പല പ്രമുഖ നഗരങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗത്തിന്റെ തീവ്രത പത്തിരട്ടിയായി വർദ്ധിപ്പിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കനേഡിയൻ നഗരങ്ങളിൽ കൊടുംചൂടുള്ള ദിവസങ്ങൾ മുൻപത്തേതിനേക്കാൾ നാല് മടങ്ങ് വർദ്ധിക്കാനിടയുണ്ട്.
അതിശക്തമായ ചൂട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്ന സാഹചര്യത്തിൽ, വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്നു. വരാനിരിക്കുന്ന കഠിനമായ വേനലിനെ നേരിടാൻ ജനങ്ങൾ സജ്ജരാകണമെന്നും സുരക്ഷിതമായിരിക്കാൻ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.