സറേ നഗരത്തിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് നടപടികൾ ഇനി മുതൽ അതിവേഗം പൂർത്തിയാകും. 2025-ൽ പുതിയ ഭവന നയങ്ങളും അപേക്ഷകളുടെ അപ്രതീക്ഷിത വർദ്ധനവും കാരണം മാസങ്ങളോളം നീണ്ടുപോയിരുന്ന നടപടിക്രമങ്ങളാണ് ഇപ്പോൾ ആഴ്ചകൾക്കുള്ളിലേക്ക് ചുരുക്കിയത്.
കഴിഞ്ഞ വർഷം അപേക്ഷകളിൽ 59 ശതമാനത്തിന്റെ വർദ്ധനവുണ്ടായതോടെ പല പദ്ധതികളും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഒരു വീടിന് അനുമതി ലഭിക്കാൻ നിർമ്മാതാക്കൾ ഏകദേശം 16 ആഴ്ചയോളം കാത്തിരിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ചും, വാരാന്ത്യങ്ങളിൽ പോലും അധിക സമയം ജോലി ചെയ്തും നഗരസഭ മികച്ച രീതിയിൽ ഇടപെട്ടു. കൂടാതെ, പുതിയ സാങ്കേതികവിദ്യകൾ കൂടി ഏർപ്പെടുത്തിയതോടെ പരിശോധനകൾ കൂടുതൽ വേഗത്തിലായി.
പുതിയ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ പുതിയ വീടുകൾക്കുള്ള പെർമിറ്റുകൾ വെറും 2.7 ആഴ്ചയ്ക്കുള്ളിൽ തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വീട് പുതുക്കിപ്പണിയുന്നവർക്ക് അഞ്ച് ആഴ്ചയ്ക്കുള്ളിലും, ചെറിയ രീതിയിലുള്ള വാടക പരിഷ്കരണങ്ങൾക്കുള്ള അനുമതി വെറും ഒരു ദിവസം കൊണ്ടും ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ഭൂവിനിയോഗ മാറ്റംആവശ്യമുള്ള ചെറിയ ഭവന പദ്ധതികൾക്ക് ഇപ്പോഴും 14 ആഴ്ചയോളം കാത്തിരിക്കേണ്ടി വരും.
ഡിജിറ്റൽ സംവിധാനങ്ങളും കേന്ദ്ര ഫണ്ടും പ്രയോജനപ്പെടുത്തി ഈ സേവനങ്ങൾ ഇനിയും മെച്ചപ്പെടുത്താനാണ് നഗര ഭരണകൂടത്തിന്റെ തീരുമാനം. നഗരത്തിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനും അനുമതി നടപടികൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പമാക്കാനും സറേ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് മേയർ ബ്രെൻഡ ലോക്ക് വ്യക്തമാക്കി.