എഡ്മൻ്റണിലെ നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നിരോധിച്ചു; നിയമം ലംഘിച്ചാൽ വൻ പിഴ

By: 600110 On: Jan 20, 2026, 9:59 AM

എഡ്മൻ്റണിലെ നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്തുന്നത് നഗരസഭാ അധികൃതർ നിരോധിച്ചു. ഐസ് സുരക്ഷിതമല്ലാത്തതിനാലാണ് ഇത്.  നദിയിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്ക് 500 ഡോളർ പിഴ ചുമത്തും.

ശീതകാല ഉത്സവങ്ങൾക്കും മഞ്ഞുപുതച്ച വിനോദങ്ങൾക്കും പേരുകേട്ട നഗരമാണ് എഡ്മൻ്റൺ. എന്നാൽ,നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്താൻ അനുമതിയില്ലാത്തത് എന്തുകൊണ്ടെന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. ഐസ് പാളികൾക്ക് വേണ്ടത്ര ഉറപ്പില്ലാത്തതിനാൽ നദിയിലിറങ്ങുന്നത് അതീവ അപകടകരമാണെന്നാണ് നഗരസഭാ അധികൃതരുടെ മുന്നറിയിപ്പ്.

പുറമെ നോക്കുമ്പോൾ ഐസ് പാളികൾ കട്ടിയുള്ളതായി തോന്നുമെങ്കിലും, അതിനടിയിലൂടെയുള്ള ശക്തമായ നീരൊഴുക്ക് മഞ്ഞുപാളികളെ ദുർബലമാക്കുന്നു. ഇത് എപ്പോൾ വേണമെങ്കിലും പൊട്ടി താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. നദിയിലെ അപകടകരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ്, ഐസിനു മുകളിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്യുന്നത് നിലവിൽ നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 ഡോളർ വരെ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചു.

രക്ഷാപ്രവർത്തനം പോലും ദുഷ്കരമാക്കുന്ന സാഹചര്യമാണ് നദിയിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച്, ഓരോ വർഷവും ശരാശരി 111 രക്ഷാദൗത്യങ്ങളാണ് എഡ്മൻ്റൺ ഫയർ റെസ്ക്യൂ സർവീസസിന് ഇവിടെ നടത്തേണ്ടി വരുന്നത്. നദിക്കരയിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായി സ്കേറ്റിംഗ് ആസ്വദിക്കാൻ നഗരസഭ സജ്ജമാക്കിയിട്ടുള്ള പ്രത്യേക റിങ്കുകൾ ഉപയോഗിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.