'കുരിശ്' നാടകത്തിലൂടെ കോക്കല്ലൂര്‍ ഗവ.സ്‌കൂളിന് പത്താമുദയം; മികച്ച നടി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് അശ്വിനി എ എസിന്

By: 600002 On: Jan 20, 2026, 7:49 AM

. മാത്യു ജോയിസ് 

 

കോഴിക്കോട് : തൃശൂരില്‍ കൊടിയിറങ്ങിയ 64 ആം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ കോക്കല്ലൂര്‍ ഗവ.സ്‌കൂളിന് തിളക്കമാര്‍ന്ന നേട്ടം. കാര്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ് - കര്‍ണികാരം വേദിയില്‍ അവതരിപ്പിച്ച കുരിശ് നാടകത്തിന് എ ഗ്രെഡ് ലഭിച്ചതോടെ കലോത്സവ ചരിത്രത്തില്‍ തുടര്‍ച്ചയായി 10 ആം തവണ എ ഗ്രെഡ് സ്വന്തമാക്കിയാണ് നേട്ടം കൈവരിച്ചത്. നാടകത്തില്‍ ഷൈനി എന്ന വീട്ടമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിനി എ എസ്
മികച്ച അഭിനേത്രി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹയായി.
മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളിയുടെ മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ
അശ്വിനി എ എസ്. 

ജില്ലയില്‍ കഥാ പ്രസംഗത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ഗാനാലാപനം, നൃത്ത പഠനം എന്നിവയിലും പ്രാവിണ്യം നേടിയിട്ടുണ്ട്.
എല്‍.എസ്. സുമന , എ.എസ്. അശ്വിനി, ഗൗതം ആദിത്യന്‍, എസ്.ജി.ഗൗരി പാര്‍വ്വതി, ജെ.എസ്. വൈഷ്ണവി,
ആര്‍.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാ ലക്ഷ്മി ശ്രീജിത്ത്, ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

 

സത്യ നന്മകളുടെ കുരിശ്, മനുഷ്യ സ്‌നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും കുരിശ്, തിന്മയെ കീഴ്‌പ്പെടുത്തി കപട ആണത്തത്തെ ചോദ്യം ചെയ്ത് മതങ്ങള്‍ക്കപ്പുറം സഹജീവിയോടുള്ള കരുതലും സൗഹാര്‍ദ്ദവും ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്‌നേഹവും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്. വിനോയ് തോമസിന്റെ 'വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി' എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ' കുരിശ് '. രചന വിനീഷ് പാലയാട്. ആര്‍ട്ട്, സെറ്റ് ഡിസൈന്‍ നിധീഷ് പൂക്കാട്, വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരി, സംഗീതം സത്യജിത്ത്. കോക്കല്ലൂര്‍ നാടക കൂട്ടായ്മയായ മാവറിക്‌സ് ക്രിയേറ്റീവ് കലക്ടീവിന്റെ സഹകരണത്തോടെയും നാടകം ഒരുക്കിയിരിക്കുന്നത്. സംവിധാനം മനോജ് നാരായണന്‍.

കോക്കല്ലൂര്‍ അവതരിപ്പിച്ച കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേന്‍, ഓട്ട, കക്കുകളി, സിംഗപ്പൂര്‍, കലാസമിതി, കുമരു, ഏറ്റം എന്നീ ഒമ്പത് നാടകങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവത്തില്‍
എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. കാസര്‍ഗോഡ് സംസ്ഥാന കലോത്സവത്തില്‍ കോക്കല്ലൂരിന്റെ 'സിംഗപ്പൂര്‍' എന്ന നാടകത്തില്‍ ബി.എസ്.അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് 'കുമരു'വിലും തിരുവനന്തപുരത്ത് 'ഏറ്റ'ത്തിലും യദുകൃഷ്ണ റാം തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ മികച്ച നടനായി ചരിത്രനേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.