ആരോഗ്യസേവനങ്ങളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ആൽബർട്ടയിൽ പുതിയ ഹെൽത്ത് ഡാഷ്‌ബോർഡ് പുറത്തിറക്കി

By: 600110 On: Jan 19, 2026, 12:34 PM

ആരോഗ്യസംവിധാനത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായി ആൽബർട്ട സർക്കാർ ഒരു 'ഹെൽത്ത് ഡാഷ്‌ബോർഡ്' അവതരിപ്പിച്ചു. ഇതിലൂടെ  ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് വിലയിരുത്താൻ സാധിക്കും. ശസ്ത്രക്രിയകളുടെ എണ്ണം, കാത്തിരിപ്പ് സമയം, കാൻസർ പരിശോധനാ നിരക്കുകൾ എന്നിവ ഈ ഡാഷ്‌ബോർഡിലൂടെ അറിയാൻ സാധിക്കും.പ്രവിശ്യയിലുടനീളമുള്ള മറ്റ് അടിയന്തര ചികിത്സാ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ നിരീക്ഷിക്കാനാകും.

ആരോഗ്യ സംബന്ധിയായ വിവരങ്ങൾ ആൽബർട്ടയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.ശസ്ത്രക്രിയകളെക്കുറിച്ചുള്ള വിവരങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നത്.വിവിധ ആശുപത്രികളിലെ പ്രവർത്തനങ്ങൾ ഇതിലൂടെ താരതമ്യം ചെയ്യാം.വരും ആഴ്ചകളിൽ പ്രൈമറി കെയർ ഇൻഡിക്കേറ്റേഴ്സ് കൂടി ഇതിൽ ഉൾപ്പെടുത്തും. പിന്നീട്, അസിസ്റ്റഡ് ലിവിംഗ്, മാനസികാരോഗ്യം, ലഹരിവിമുക്ത സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഡാഷ്‌ബോർഡിൽ ലഭ്യമാകും.

ഈ സംവിധാനം രോഗികൾക്ക് മുൻഗണന നൽകുന്നതാണെന്നും ആരോഗ്യരംഗത്തെ ഉത്തരവാദിത്തം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു.ഏതൊക്കെ ആശുപത്രികളിലാണ് ശസ്ത്രക്രിയകൾ നടക്കുന്നത് എന്നും എത്രയെണ്ണം പൂർത്തിയായി എന്നും ഒരു മാപ്പിലൂടെ നേരിട്ട് കാണാൻ സാധിക്കും.പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞാൽ, ഓരോ മാസവും ഡാഷ്‌ബോർഡിലെ വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കും.ഇത് ആരോഗ്യപ്രവർത്തകരെ സഹായിക്കുമെന്നും മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയാൻ ഉപകരിക്കുമെന്നും അധികൃതർ പറഞ്ഞു.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ തിരക്കിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ പുതിയ നീക്കം.