ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിലെ ഉദ്യോഗസ്ഥനെ പിടികൂടി. സതേൺ ജോർജിയൻ ബേ ഡിറ്റാച്ച്‌മെൻ്റിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. 39 വയസ്സുകാരനായ ക്രിസ്റ്റഫർ പ്രൗട്ട് ആണ് പിടിയിലായ ഉദ്യോഗസ്ഥൻ.കഴിഞ്ഞ 17 വർഷമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിൽ സേവനമനുഷ്ഠിക്കുന്നയാളാണ് ഇദ്ദേഹം.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.രക്തത്തിലെ മദ്യത്തിൻ്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലായിരുന്നു എന്നതിനും ഇയാൾക്കെതിരെ കേസുണ്ട്. സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. 2026 ഫെബ്രുവരി 26-ന് ഇയാൾ മിഡ്‌ലാൻഡ് കോടതിയിൽ ഹാജരാകണം. നിലവിൽ ശമ്പളത്തോടു കൂടിയ സസ്‌പെൻഷനിലാണ് ഇദ്ദേഹമെന്ന് ഒ.പി.പി അറിയിച്ചു. പോലീസിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് യൂണിറ്റ് ഇതിൽ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്.