കാനഡയിലെ മരണനിരക്കും ആയുർദൈർഘ്യവും സംബന്ധിച്ച 2024-ലെ ഏറ്റവും പുതിയ കണക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ടു. രാജ്യത്ത് ന്യൂമോണിയ, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മരണകാരണങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും, ശ്വാസകോശ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ മരിച്ചവരിൽ 52 ശതമാനവും 85 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നത് രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷയിൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.
1990-കൾ മുതൽ തുടരുന്നത് പോലെ ഇത്തവണയും മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് കാൻസർ തന്നെയാണ്. ഹൃദ്രോഗം, അപകടങ്ങൾ, പക്ഷാഘാതം എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന കാരണങ്ങൾ. അതേസമയം, മറവിരോഗമായ ഡിമെൻഷ്യ മൂലമുള്ള മരണങ്ങളും ക്രമാതീതമായി ഉയരുകയാണ്. 2024-ൽ ഏകദേശം 28,000 പേരാണ് ഡിമെൻഷ്യ ബാധിച്ച് മരിച്ചത്.
ആരോഗ്യരംഗത്തെ ആശങ്കകൾക്കിടയിലും രാജ്യത്തെ ശരാശരി ആയുർദൈർഘ്യം വർധിച്ചത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്. നിലവിൽ കാനഡയിലെ ശരാശരി ആയുർദൈർഘ്യം 81.68 വർഷമാണ്. ഇത് കോവിഡ് മഹാമാരിക്ക് മുൻപുള്ള (2019) നിലവാരത്തിന് തുല്യമാണ്. സ്ത്രീകളുടെ ആയുർദൈർഘ്യം 84.29ഉം പുരുഷന്മാരുടെ ആയുർദൈർഘ്യം 80.03 വയസ്സുമാണ്.
ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പടിഞ്ഞാറൻ പ്രവിശ്യകളിലാണ് ആയുർദൈർഘ്യത്തിൽ ഏറ്റവും കൂടുതൽ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത്.