ചാറ്റ്ജിപിടിയില്‍ ഇനി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് ഓപ്പണ്‍എഐ. അമേരിക്കയിലാകും ഇതിന്റെ ആദ്യ പരീക്ഷണം. എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യഘട്ടത്തില്‍ പരസ്യം കാണാന്‍ കഴിയണമെന്നില്ല. ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്കും അവരുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട പ്രസക്തമായ പരസ്യങ്ങള്‍ കാണാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.
ഉദാഹരണത്തിന് മെക്‌സിക്കോയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ചാറ്റ്ജിപിടിയോട് ചോദിക്കുന്നവര്‍ക്ക് അവിടുത്തെ ഹോളിഡേ റിസോര്‍ട്ടുകളുടെയും മറ്റും പരസ്യം കാണാന്‍ കഴിയും. എന്നാല്‍ ചാറ്റ്ജിപിടി നല്‍കുന്ന ഉത്തരങ്ങളെ പരസ്യങ്ങള്‍ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുടെ ഡാറ്റ കമ്പനി പരസ്യം ചെയ്യുന്നവരുമായി പങ്കിടില്ലെന്നും ഓപ്പണ്‍എഐ ഉറപ്പുനല്‍കുന്നു.