മലയാളി ഉടമസ്ഥതയിലുള്ള 'ഫ്‌ളൈ91' വിമാനക്കമ്പനി ആദ്യമായി കേരളത്തില്‍ സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതല്‍ കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. കൊച്ചിക്ക് പിന്നാലെ കണ്ണൂരും പരിഗണനയിലുണ്ട്. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ കമ്പനി 2024 ലാണ് ഗോവ കേന്ദ്രമായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ മൂന്ന് വിമാനങ്ങളുപയോഗിച്ച് പൂനെ, ഹൈദരാബാദ്, ബെംഗളൂരു അടക്കം എട്ട് ഇടങ്ങളെ ബന്ധിപ്പിച്ച് പ്രതിമാസം 600 സര്‍വീസുകളാണ് നടത്തുന്നത്.
ഡിജിസിഎയുടെ കണക്ക്പ്രകാരം 2025 ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ഫ്‌ളൈ91 സര്‍വീസില്‍ യാത്ര ചെയ്തത്. 2024 ല്‍ 1.27 ലക്ഷം യാത്രക്കാരും സേവനമുപയോഗിച്ചു. 72 പേരെ വഹിക്കാവുന്ന എടിആര്‍ 72-600 ടര്‍ബോപ്രോപ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. രാവിലെ 9.30ന് അഗത്തിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.50 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 11.20ന് പുറപ്പെടുന്ന വിമാനം തിരിച്ച് 12.45 ന് അഗത്തിയിലെത്തും.