ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണ വെച്ചു; മിസൗറിയില്‍ അഫ്ഗാന്‍ സ്വദേശി പിടിയില്‍

By: 600002 On: Jan 19, 2026, 9:45 AM



 


പി പി ചെറിയാന്‍

ജെഫേഴ്‌സണ്‍ സിറ്റി: അമേരിക്കയിലെ മിസൗറിയില്‍ സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാന്‍ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം വാര്‍ന്ന് കിടന്ന ഭാര്യയുടെ തലയ്ക്ക് താഴെ ഇയാള്‍ തലയിണ വെച്ചുകൊടുത്തതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 'എനിക്ക് മറ്റ് വഴികളില്ലായിരുന്നു' എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ജനുവരി 12-നായിരുന്നു സംഭവം. ഭാര്യയെ കുത്തിയ ശേഷം മൃതദേഹത്തിന് സമീപം പ്രാര്‍ത്ഥിക്കുകയും, തുടര്‍ന്ന് 18 മാസം പ്രായമുള്ള മകളെയും കൂട്ടി ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളയുകയും ചെയ്തു.

കൊലപാതക വിവരം അക്ബരി തന്നെ മകനെ ഫോണിലൂടെ അറിയിച്ചു. മകന്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അന്നേ ദിവസം തന്നെ ഇയാളെ പിടികൂടി. കുട്ടിയെ ബന്ധുവീട്ടില്‍ സുരക്ഷിതയായി കണ്ടെത്തി.

അഫ്ഗാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അക്ബരിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒന്നാം ഡിഗ്രി കൊലപാതകം, കുട്ടികളെ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പബ്ലിക് കോടതി രേഖകള്‍ പ്രകാരം, അക്ബറിയുടെ ബോണ്ട് തീരുമാനം  ജനുവരി 21 നും പ്രാഥമിക വാദം കേള്‍ക്കല്‍ ഫെബ്രുവരി 19 നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.