ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്‌സസ്സിലെ ഡാളസ് പ്ലാനോയില്‍ വന്‍ പ്രതിഷേധം

By: 600002 On: Jan 19, 2026, 9:41 AM



 

 

പി പി ചെറിയാന്‍

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളില്‍ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ പ്രെസ്റ്റണ്‍-പാര്‍ക്കര്‍ റോഡിലായിരുന്നു പ്രതിഷേധം. കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

ഈ മാസം ആദ്യം മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്‍ റെനീ ഗുഡ് എന്ന 37-കാരിയെ വെടിവെച്ചുകൊന്നിരുന്നു. ഇതിനെതിരെയും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെയുമാണ് പ്രതിഷേധം നടന്നത്.

സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് ഭരണകൂടം വാദിക്കുമ്പോള്‍, റെനീ ഗുഡിന്റെ മരണം കൊലപാതകമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. മിനസോട്ടയിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്ന് ഫെഡറല്‍ ഏജന്‍സികള്‍ തടയുന്നതായും പരാതിയുണ്ട്.

'ഐസിനെ പുറത്താക്കുക' (ICE Out), 'ഞങ്ങള്‍ക്ക് രാജാവില്ല' (We have no king) തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. അമേരിക്കന്‍ പതാകകള്‍ വീശിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും സമാധാനപരമായാണ് സമരം നടന്നത്.

'ക്രൂരത അവസാനിപ്പിക്കാനാണ് താന്‍ ഇവിടെ എത്തിയത്' എന്ന് 69 വയസ്സുള്ള പ്രതിഷേധക്കാരിയായ കാരെന്‍ പ്രൈസ് പറഞ്ഞു. കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് നഴ്‌സായ മിഷേല്‍ അഭിപ്രായപ്പെട്ടു.

ഫോര്‍ട്ട് വര്‍ത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഐസിനെതിരെ പ്രതിഷേധങ്ങള്‍ പടരുകയാണ്.