ഡോ. വിന്‍ ഗുപ്തയ്ക്ക് റട്ഗേഴ്സ് സര്‍വകലാശാലയുടെ ആദരം; ലൗട്ടന്‍ബെര്‍ഗ് അവാര്‍ഡ് സമ്മാനിക്കും

By: 600002 On: Jan 19, 2026, 9:17 AM


 

പി പി ചെറിയാന്‍

ന്യൂ ബ്രണ്‍സ്വിക്ക് (ന്യൂജേഴ്സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിന്‍ ഗുപ്തയെ 2026-ലെ 'സെനറ്റര്‍ ഫ്രാങ്ക് ആര്‍. ലൗട്ടന്‍ബെര്‍ഗ്' (Senator Frank R. Lautenberg) പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്തെ മികവിനായി റട്ഗേഴ്സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.

തെറ്റായ ആരോഗ്യവിവരങ്ങള്‍ക്കെതിരെ (Misinformation) പോരാടുകയും, സങ്കീര്‍ണ്ണമായ ആരോഗ്യനയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.

 2026 മെയ് മാസത്തില്‍ നടക്കുന്ന സ്‌കൂളിന്റെ 40-ാമത് ബിരുദദാന ചടങ്ങില്‍ ഡോ. വിന്‍ ഗുപ്ത മുഖ്യപ്രഭാഷണം നടത്തും.
നിലവില്‍ എന്‍.ബി.സി (NBC), എം.എസ്.എന്‍.ബി.സി (MSNBC) എന്നീ ചാനലുകളുടെ ആരോഗ്യ വിശകലന വിദഗ്ധനായും മനാറ്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

പൊതുജനാരോഗ്യ രംഗത്ത് പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ശാസ്ത്രീയമായ അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ. ഗുപ്തയെന്ന് റട്ഗേഴ്സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡീന്‍ പെറി എന്‍. ഹാല്‍കിറ്റിസ് പ്രശംസിച്ചു. ആരോഗ്യമേഖലയിലെ സമത്വം ഉറപ്പാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനുമുള്ള തന്റെ ശ്രമങ്ങള്‍ തുടരുമെന്ന് അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഡോ. വിന്‍ ഗുപ്ത പ്രതികരിച്ചു.