എഡ്മൻ്റണിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഇലക്ട്രിക് സൈക്കിളിൻ്റെ ബാറ്ററി ആണെന്ന് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തെത്തുടർന്ന് അറുപതിലധികം ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ചാർജ് ചെയ്തുകൊണ്ടിരുന്ന ബാറ്ററിക്കുണ്ടായ 'തെർമൽ റൺവേ' എന്ന പ്രതിഭാസമാണ് തീപിടുത്തത്തിന് കാരണമായതെന്ന് അഗ്നിശമന സേന അറിയിച്ചു. അമിതമായി ചൂടായി ബാറ്ററി പൊട്ടിത്തെറിക്കുന്ന ഈ അവസ്ഥ വലിയ തോതിലുള്ള വിഷവാതകങ്ങൾ പുറന്തള്ളാനും സെക്കൻഡുകൾക്കുള്ളിൽ മാരകമായ തീ പടരാനും കാരണമാകുന്നു. ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വർധിച്ചത് കാരണം ഇത്തരം അപകടങ്ങൾ കൂടുന്നുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം മാത്രം എഡ്മൻ്റണിൽ ഇത്തരം എട്ടു തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫോണുകൾ, ലാപ്ടോപ്പുകൾ, ഇ-ബൈക്കുകൾ എന്നിവയിലെ ബാറ്ററികൾ ചാർജ് പൂർത്തിയായാൽ ഉടൻ മാറ്റണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ ഇവ സൂക്ഷിക്കരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു. അപ്പാർട്ട്മെൻ്റുകളിൽ താമസിക്കുന്നവർ ബാറ്ററികൾ എക്സിറ്റ് വാതിലുകൾക്ക് സമീപം സൂക്ഷിക്കരുത്. ഇത്തരം തീപിടിത്തങ്ങൾ അണയ്ക്കാൻ വൻതോതിൽ വെള്ളം ആവശ്യമാണെന്നും ഇതിൽ നിന്നുള്ള പുക ശ്വസിക്കുന്നത് അതീവ അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.