പ്രകൃതിദത്ത വജ്രങ്ങളേക്കാൾ വിലക്കുറവുള്ളതിനാൽ ലാബ് നിർമ്മിത വജ്രങ്ങൾ വൻതോതിൽ പ്രചാരം നേടുകയാണ്. എന്നാൽ ഇത്തരം ലാബ് നിർമ്മിത വജ്രങ്ങളുടെ വിലയിൽ വലിയ അന്തരമുണ്ടെന്നും വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ പറയുന്നു. സിബിസി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ലാബ് വജ്രങ്ങളുടെ വിലയിലെ വ്യത്യാസം പരിശോധിക്കാൻ സി.ബി.സി മാർക്കറ്റ്‌പ്ലേസ് ഓൺലൈനിലൂടെ ഒരേപോലെയുള്ള രണ്ട് വജ്രങ്ങൾ വാങ്ങി. ഈ രണ്ട് കല്ലുകളും ഒരേ വലിപ്പവും നിറവും ഗുണമേന്മയുമുള്ളവയായിരുന്നു. 'ബ്ലൂ നൈൽ' (Blue Nile) എന്ന കമ്പനിയിൽ നിന്ന് വാങ്ങിയ വജ്രത്തിന് നികുതിയടക്കം ഏകദേശം $1,639 ആയിരുന്നു വില. എന്നാൽ 'അലിബാബ'യിൽ (Alibaba) നിന്ന് വാങ്ങിയ ഇതേ ഗുണമേന്മയുള്ള വജ്രത്തിന് വെറും $229 മാത്രമാണ് ചെലവായത്.രണ്ട് വജ്രങ്ങളും ഗുണനിലവാരത്തിൽ ഒരേപോലെയാണെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തി.
ഓരോ കല്ലിനും ഏകദേശം $900 മുതൽ $1,900 വരെ മൂല്യമുണ്ടാകാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചില വ്യാപാരികൾ അമിതവില ഈടാക്കുന്നു എന്നാണ് ഇത്തരം വലിയ വില വ്യത്യാസം സൂചിപ്പിക്കുന്നത് . ഇത് ലാബ് വജ്ര വിപണിയിലെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ ബ്രാൻഡ് മൂല്യവും ഗുണമേന്മ പരിശോധിക്കുന്ന രീതികളുമാണ് ഉയർന്ന വിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ വാദിക്കുന്നു. വജ്രങ്ങൾ വാങ്ങുമ്പോൾ വിപണി പരിശോധിക്കാനും കൃത്യമായി മൂല്യം നിർണ്ണയിക്കാനും വിദഗ്ധർ ഉപഭോക്താക്കളെ ഉപദേശിക്കുന്നു. ഉൽപ്പാദനച്ചെലവ് കുറയുന്നതോടെ, ലാബ് വജ്രങ്ങൾക്ക് ഭാവിയിൽ ഇനിയും വില കുറയാനാണ് സാധ്യത.