ഉറങ്ങാന്‍ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരന്‍ പിടിയില്‍

By: 600002 On: Jan 17, 2026, 12:17 PM



 


പി പി ചെറിയാന്‍

പെന്‍സില്‍വേനിയ: അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ ഉറങ്ങാന്‍ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരന്‍ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ക്ലൈറ്റണ്‍ ഡയറ്റ്സിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം ഗെയിം കളിക്കാന്‍ അനുവദിക്കാതെ മാതാപിതാക്കള്‍ കുട്ടിയെ ഉറങ്ങാന്‍ അയച്ചു. ഇതില്‍ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

പിതാവിന്റെ ഡ്രോയറില്‍ നിന്ന് സേഫിന്റെ താക്കോല്‍ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്.

'ഞാന്‍ അച്ഛനെ കൊന്നു' എന്ന് കുട്ടി മാതാവിനോടും പോലീസിനോടും സമ്മതിച്ചു. വെടിവെക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും അവന്‍ പോലീസിനോട് പറഞ്ഞു.

നിലവില്‍ പെറി കൗണ്ടി ജയിലില്‍ കഴിയുന്ന കുട്ടിയെ ജനുവരി 22-ന് കോടതിയില്‍ ഹാജരാക്കും. 2018-ലാണ് ഡയറ്റ്സും ഭാര്യയും ക്ലൈറ്റണെ ദത്തെടുത്തത്.