കോണ്‍ക്രീറ്റ് കൂടാരങ്ങളില്‍ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക 'ബാബേല്‍' നിര്‍മ്മിതികളുടെ ആത്മീയതയെന്ത്?

By: 600002 On: Jan 17, 2026, 12:07 PM



 

പി.പി ചെറിയാന്‍

ദൈവത്തോളം ഉയരത്തില്‍ എത്താന്‍ പണ്ട് മനുഷ്യന്‍ പണിതുയര്‍ത്തിയ ബാബേല്‍ ഗോപുരം പാതിവഴിയില്‍ തകര്‍ന്നു വീണത് ചരിത്രം. എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം, ആ തകര്‍ച്ചയുടെ ഓര്‍മ്മ പുതുക്കുന്ന രീതിയില്‍ അതിനേക്കാള്‍ വലിയ കോണ്‍ക്രീറ്റ് വിസ്മയങ്ങള്‍ തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യന്‍. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കില്‍ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള 'അഹന്തയുടെ സ്മാരകങ്ങളാണ്'.

പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സിനേക്കാള്‍ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാര്‍ബിള്‍ തറകള്‍ക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകള്‍ക്കുമാണ്. ആരാധനാലയങ്ങള്‍ പവിത്രമായ ഇടങ്ങള്‍ എന്നതിലുപരി ഒരു തരം 'റിയല്‍ എസ്റ്റേറ്റ്' മത്സരവേദിയായി മാറിയിരിക്കുന്നു. അയല്‍ക്കാരന്റെ വിശപ്പിനേക്കാള്‍ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തില്‍ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവര്‍, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങള്‍ പണിയാന്‍ കോടികള്‍ ഒഴുക്കുമ്പോള്‍ ആത്മീയത പടിക്കുപുറത്താകുന്നു.

കേരളത്തില്‍ വേരൂന്നിയ ഈ മണിമന്ദിര സംസ്‌കാരം ഏറ്റവും വികൃതമായി പടര്‍ന്നത് പ്രവാസി മലയാളികള്‍ക്കിടയിലാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍  പ്രത്യേകിച്ച് ടെക്‌സസ് പോലുള്ള ഇടങ്ങളില്‍ ഇതൊരു 'അന്തസ്സ്' പ്രശ്‌നമാണ്   തൊട്ടടുത്ത പള്ളിയിലോ അമ്പലത്തിലോ ഒരു പുതിയ ഹാള്‍ ഉയര്‍ന്നാല്‍, അതിനേക്കാള്‍ നാലടി ഉയരത്തില്‍ അടുത്തത് ഉയരണം. മില്യണ്‍ കണക്കിന് ഡോളറുകള്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ക്കായി ഒഴുകുന്നു.

ആളില്ലാത്ത പള്ളികളിലും 'ജിംനേഷ്യവും' 'മള്‍ട്ടി പര്‍പ്പസ് സെന്ററുകളും' പണിതുയര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാമെന്ന് കരുതുന്നത് വെറുമൊരു വിരോധാഭാസം മാത്രമാണ്. കെട്ടിടത്തിന്റെ വലിപ്പമല്ല, വിശ്വാസത്തിന്റെ ആഴമാണ് ഒരു സമൂഹത്തെ നിലനിര്‍ത്തുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.

ഈ ധൂര്‍ത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവനെ 'സഭാവിരോധി' എന്നും 'വിശ്വാസമില്ലാത്തവന്‍' എന്നും വിളിച്ച് ഒതുക്കുന്നതാണ് പതിവ് രീതി. നിര്‍മ്മാണ കമ്മിറ്റികളുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തിതാത്പര്യങ്ങളും പണക്കാരായ ദാതാക്കളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയും ഇതിന് പിന്നിലുണ്ട്. ശിലാഫലകങ്ങളില്‍ സ്വന്തം പേര് കൊത്തിവെക്കാന്‍ വെമ്പുന്ന മതാധികാരികള്‍ ഈ ധൂര്‍ത്തിന് മൗനാനുവാദം നല്‍കുന്നു.

പ്രളയവും മഹാമാരിയും വരുമ്പോള്‍ പൂട്ടിക്കിടക്കുന്ന വമ്പന്‍ ആരാധനാലയങ്ങള്‍ ,ഓഡിറ്റോറിയങ്ങള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം? ഒരു നാടിന്റെ ദാരിദ്ര്യം മാറ്റാന്‍ കഴിയുന്ന പണം കോണ്‍ക്രീറ്റ് തൂണുകളില്‍ തളച്ചിടുന്നത് എന്ത് ആത്മീയതയാണ്? ദൈവം വസിക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലാണെന്ന് പ്രസംഗിക്കുന്നവര്‍ തന്നെ ഇത്തരം കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ക്ക് ശിലയിടുന്നു.

മനുഷ്യത്വമില്ലാത്തിടത്ത് ആത്മീയതയ്ക്ക് സ്ഥാനമില്ല. ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാന്‍ ആ പണം ഉപയോഗിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ ഇതിലും വലിയൊരു സ്വര്‍ഗ്ഗരാജ്യം ഉയരുമായിരുന്നു. ഈ 'കോണ്‍ക്രീറ്റ് ഭക്തി' അവസാനിപ്പിച്ചില്ലെങ്കില്‍, അര്‍ത്ഥമില്ലാത്ത കല്ലും മണ്ണുമായി ഈ ആധുനിക ബാബേല്‍ ഗോപുരങ്ങളും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ അവശേഷിക്കും.