കാനഡയിലെ കൊലപാതകങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിലും പ്രതിസ്ഥാനത്തുള്ള ബിഷ്ണോയി ഗുണ്ടാസംഘത്തിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന റോയൽ കാനഡിയൻ മൗണ്ടഡ് പോലീസ് റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി . ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെ മുംബൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പുറത്തുവന്ന റിപ്പോർട്ട് ആർ.സി.എം.പിയുടെ ഔദ്യോഗിക രഹസ്യാന്വേഷണ റിപ്പോർട്ടല്ലെന്നും, മറിച്ച് ഒരു വർഷം മുമ്പ് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സംഗ്രഹം മാത്രമാണെന്നുമാണ് എബി അവകാശപ്പെട്ടത്. എന്നാൽ, ബിഷ്ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന പ്രീമിയർ, ഇപ്പോൾ നിലപാട് മാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഡേവിഡ് എബിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും അപകടകരവുമാണെന്ന് കാനഡയിലെ സിഖ് സംഘടനകളും മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വിമർശിച്ചു.
ഇന്ത്യൻ സർക്കാരിൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പ്രീമിയറുടെ മറുപടി കാനഡയിലെ സിഖ് വംശജരുടെ സുരക്ഷയെ ബാധിക്കുമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ആരോപിച്ചു. ഇത് കേവലം പത്രവാർത്തകളുടെ സമാഹാരമല്ലെന്നും, മറിച്ച് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ദേശീയ സുരക്ഷാ വിലയിരുത്തലാണെന്നും അവർ ചൂണ്ടിക്കാട്ടി. പ്രീമിയറുടെ നടപടിക്കെതിരെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്