ചൈനയുമായുള്ള വ്യാപാര കരാർ ഒപ്പുവച്ച നടപടിക്കെതിരെ വിമർശനവുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്ത്

By: 600110 On: Jan 17, 2026, 11:53 AM

ചൈനയുമായി വ്യാപാര കരാർ ഒപ്പുവച്ച പ്രധാനമന്ത്രി മാർക് കാർണിയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പുതിയ കരാർ ഒൻ്റാരിയോയിലെ വാഹന വ്യവസായത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഡഗ് ഫോർഡ് ആരോപിച്ചു. കരാർ അനുസരിച്ച് ചൈനയിൽ നിർമ്മിച്ച 49,000 ഇലക്ട്രിക് വാഹനങ്ങൾ  കുറഞ്ഞ നികുതിയിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. ഇതിന് പകരമായി, കാനഡയുടെ കനോല, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ മേലുള്ള നികുതി ചൈന കുറയ്ക്കും. കാനഡ-ചൈന ബന്ധത്തിലെ നാഴികക്കല്ലെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ കരാറിനെ വിശേഷിപ്പിച്ചത്.

എന്നാൽ ഫോർഡ് ഇതിനോട് വിയോജിച്ചു. ഈ കരാർ കനേഡിയൻ തൊഴിലാളികളെക്കാൾ ചൈനയ്ക്കാണ് നേട്ടം ഉണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയുള്ള ചൈനീസ് ഇവികൾ വിപണി കീഴടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനീസ് ഉൽപ്പന്നങ്ങൾ കാനഡ വഴി അമേരിക്കയിലേക്ക് കടക്കുമെന്ന് തോന്നിയാൽ, അമേരിക്ക കനേഡിയൻ കാറുകൾ തടഞ്ഞേക്കുമെന്നും ഫോർഡ് ആശങ്ക പ്രകടിപ്പിച്ചു. ഇത് ഒൻ്റാരിയോയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയിലേക്കുള്ള വഴി അടയ്ക്കാൻ കാരണമായേക്കാം. ഒൻ്റാരിയോയുടെ വാഹന മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കണമെന്നും ഈ "പ്രശ്നം പരിഹരിക്കണമെന്നും" അദ്ദേഹം ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കുന്ന നിയമം മാറ്റണമെന്നും, ഫെഡറൽ ഫീസുകൾ കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഈ കരാർ കർഷകരെ സഹായിക്കുമെന്നും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നുമാണ് ഫെഡറൽ സർക്കാരിൻ്റെ വാദം.