പി പി ചെറിയാന്‍
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലര്‍ ജനുവരി 30-ന് ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ന്‍ തീസിന്റെ വിരമിക്കലിനെത്തുടര്‍ന്നാണ് ഈ ചരിത്ര നിയമനം.
23 വര്‍ഷത്തെ നീണ്ട ജുഡീഷ്യല്‍ പരിചയമുള്ള അദ്ദേഹം ട്രയല്‍ കോടതി, അപ്പീല്‍ കോടതി തുടങ്ങി ഇല്ലിനോയിസ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ അദ്ദേഹം ഇല്ലിനോയിസ് അപ്പീല്‍ കോടതിയില്‍ ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഡിസംബര്‍ 4 വരെയായിരിക്കും. തുടര്‍ന്നും പദവിയില്‍ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
2004 മുതല്‍ ലൊയോള യൂണിവേഴ്‌സിറ്റി ചിക്കാഗോ സ്‌കൂള്‍ ഓഫ് ലോയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കൂടാതെ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ഇന്ത്യന്‍ വംശജനായ ഒരാള്‍ ഇല്ലിനോയിസിലെ ഏറ്റവും ഉയര്‍ന്ന കോടതിയില്‍ എത്തുന്നത് അമേരിക്കയിലെ ഏഷ്യന്‍ സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമായി കണക്കാക്കപ്പെടുന്നു.