ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ആൽബർട്ട സർക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിൽ ആൽബർട്ടയിലെ ആശുപത്രികൾ വലിയ സമ്മർദ്ദത്തിലാണെന്ന് പ്രവിശ്യാ അധികൃതർ സമ്മതിച്ചു. ആരോഗ്യമേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രവിശ്യാ അധികൃതരുടെ ഈ നടപടി.എമർജൻസി വിഭാഗങ്ങളിൽ രോഗികൾക്ക് വലിയ തോതിൽ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് അവർ സമ്മതിച്ചു. പ്രതിസന്ധി പരിഹരിക്കാൻ പ്രവിശ്യയിലുടനീളം ഏകോപിതമായി പ്രവർത്തിക്കുമെന്ന് അവർ ഉറപ്പുനൽകി. ആരോഗ്യ മന്ത്രി മാറ്റ് ജോൺസും വിവിധ സിഇഒമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആൽബർട്ടയിലെ ഏറ്റവും വലിയ 16 ആശുപത്രികളും അവയുടെ കപ്പാസിറ്റിക്കും മുകളിൽ (102 ശതമാനം) ആണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് 'അക്യൂട്ട് കെയർ ആൽബർട്ട' ഇടക്കാല സിഇഒ ഡേവിഡ് ഡയമണ്ട് വ്യക്തമാക്കി. ഒരു ആശുപത്രി സുഗമമായി പ്രവർത്തിക്കാൻ അതിന്റെ ശേഷിയുടെ 85 മുതൽ 90 ശതമാനം വരെ മാത്രം രോഗികളുണ്ടാകുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും ആവശ്യങ്ങൾക്കും അനുസരിച്ച് നിലവിലെ സംവിധാനം മെച്ചപ്പെടുത്താൻ കഴിയുന്നില്ലെന്ന പരാതി ശക്തമാണ്.
ആരോഗ്യമേഖലയിൽ അടുത്തിടെ നടപ്പിലാക്കിയ പുനസംഘടനകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നാണ് വിമർശകരുടെ വാദം. ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ഈ പ്രതിസന്ധി മറികടക്കാൻ പ്രവിശ്യയിലുടനീളം ഏകോപിതമായി പ്രവർത്തിക്കുമെന്നും എല്ലാ മേഖലകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ആരോഗ്യ മന്ത്രി മാറ്റ് ജോൺസും ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ ഉറപ്പുനൽകി.