ചികിത്സയ്ക്കായുള്ള കാത്തിരിപ്പു സമയം കൂടിയതിനെ തുടർന്ന് വൈദ്യസഹായത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സ്വന്തം നാട്ടിലെ ആരോഗ്യ സംവിധാനത്തിൽ വലിയ കാത്തിരിപ്പ് സമയം അനുഭവപ്പെടുന്നുവെന്നാണ് ഇവർ പറയുന്നത്. കാത്തിരിക്കുന്ന സമയത്തിനിടയിൽ തങ്ങളുടെ രോഗാവസ്ഥ കൂടുതൽ മോശമാകുമെന്നാണ് പല രോഗികളുടെയും ആശങ്ക.
ചികിത്സാ താമസം ഒഴിവാക്കാൻ അമേരിക്ക അല്ലെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കാണ് കൂടുതൽപ്പേരും യാത്ര ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകൾക്കുമായി വലിയ തുക അവർ സ്വന്തം കൈയിൽ നിന്ന് ചിലവാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവും വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും കാനഡയിലെ ആരോഗ്യ സംവിധാനത്തെ തളർത്തുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. പലപ്പോഴും ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരോ നഴ്സുമാരോ ഉപകരണങ്ങളോ ലഭ്യമല്ല. ഇത് പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും വിദഗ്ധ ഡോക്ടർമാരെ കാണുന്നതിനും മാസങ്ങളോളം നീളുന്ന കാത്തിരിപ്പിന് കാരണമാകുന്നു.ആളുകൾക്ക് വിദേശത്ത് പോകേണ്ടി വരാത്ത രീതിയിൽ നിലവിലെ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. കാനഡയിൽ കൂടുതൽ സ്വകാര്യ ചികിത്സാ ഓപ്ഷനുകൾ അനുവദിക്കണമെന്നും പരിഷ്കരണത്തെ അനുകൂലിക്കുന്നവർ പറയുന്നു. മാറ്റങ്ങൾ ഉണ്ടാകുന്നതുവരെ, പല കാനഡക്കാരും യാത്ര തുടരുകയും മറ്റ് രാജ്യങ്ങളിൽ പണം നൽകി ചികിത്സ തേടുകയും ചെയ്യാനാണ് സാധ്യത.