മൃതദേഹവുമായി 40 മൈല്‍ കാറോടിച്ചു; മദ്യപിച്ച് വാഹനമോടിച്ച യുവാവിന് 15 വര്‍ഷം തടവ്

By: 600002 On: Jan 16, 2026, 9:59 AM



 


പി പി ചെറിയാന്‍

ഡാളസ്: ഡാളസില്‍ മദ്യപിച്ച് വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയും, മൃതദേഹം കാറിനുള്ളിലിരിക്കെ 40 മൈല്‍ ദൂരം വണ്ടിയോടിക്കുകയും ചെയ്ത യുവാവിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31-കാരനായ നെസ്റ്റര്‍ ലുജാന്‍ ഫ്‌ലോറസിനെയാണ് കോടതി ശിക്ഷിച്ചത്.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഡാളസില്‍ വെച്ച് 45-കാരനായ ടെറി ഐവറിയെ ഫ്‌ലോറസ് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടെറി കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് അകത്തേക്ക് വീണു.

അപകടത്തിന് ശേഷം വണ്ടി നിര്‍ത്താതെ, യാത്രക്കാരന്റെ സീറ്റില്‍ മൃതദേഹം ഇരിക്കെത്തന്നെ ഫ്‌ലോറസ് 40 മൈലോളം ദൂരം വണ്ടിയോടിച്ചു. വൈറ്റ് സെറ്റില്‍മെന്റിലെ ഒരു റെസ്റ്റോറന്റ് പാര്‍ക്കിംഗില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ (Intoxicated Manslaughter), അപകടത്തിന് ശേഷം നിര്‍ത്താതെ പോവുക എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് കോടതി 15 വര്‍ഷം തടവ് വിധിച്ചത്. 2020-ലും ഇയാള്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു.

ശിക്ഷാ കാലാവധിയുടെ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ എന്ന് കോടതി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നത് സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ കേസ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.