15കാരനെ ക്രൂരമായി മര്‍ദ്ദിച്ച് 'ചെല്ലോ' കവര്‍ന്നു; തടയാന്‍ വന്നയാള്‍ക്കും മര്‍ദ്ദനം

By: 600002 On: Jan 16, 2026, 9:47 AM


 

 

പി പി ചെറിയാന്‍

 

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 15 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ 'ചെല്ലോ' (Cello) കവര്‍ന്ന കേസില്‍ 23-കാരനായ അമിയല്‍ ക്ലാര്‍ക്ക് എന്ന യുവാവ് പിടിയിലായി. കുട്ടിയെ സഹായിക്കാന്‍ എത്തിയ വ്യക്തിയെയും ഇയാള്‍ മര്‍ദ്ദിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

അതിക്രൂരമായ മര്‍ദ്ദനമേറ്റ ആണ്‍കുട്ടിയുടെ മുഖത്തെ അസ്ഥികള്‍ക്ക് ഒടിവുണ്ട്. പ്ലാസ്റ്റിക് സര്‍ജന്റെയും നേത്രരോഗ വിദഗ്ധന്റെയും അടിയന്തര ചികിത്സ തേടേണ്ടി വന്ന അത്രയും ഗുരുതരമായിരുന്നു പരിക്കുകള്‍.

മോഷണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ പ്രതി പിന്നീട് തിരിച്ചെത്തുകയും, പരിക്കേറ്റ കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ച വ്യക്തിയെ മര്‍ദ്ദിക്കുകയും ചെയ്തു.

പ്രതിയായ അമിയല്‍ ക്ലാര്‍ക്ക് ഇതിനുമുമ്പും നിരവധി അക്രമക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണ്. നിലവില്‍ മറ്റൊരു കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഇയാള്‍ വീണ്ടും അക്രമം നടത്തിയത്.

പ്രതിക്ക് 200,000 ഡോളര്‍ ജാമ്യം നിശ്ചയിച്ചു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ജനുവരി 15-ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഒരു പിഞ്ചു ബാലനോടും സഹായിക്കാന്‍ വന്നവരോടും കാട്ടിയ ഈ ക്രൂരത ഹൂസ്റ്റണ്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.