രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജയായ മാതാവ് അറസ്റ്റില്‍

By: 600002 On: Jan 16, 2026, 9:39 AM



 

 

പി പി ചെറിയാന്‍

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റില്‍. ഹില്‍സ്ബറോയിലെ വസതിയില്‍ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിയദര്‍ശിനി നടരാജന്‍ എന്ന യുവതിയെ പോലീസ് പിടികൂടിയത്.

യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിലായ മക്കളെ ആദ്യം കണ്ടത്. തുടര്‍ന്ന് 6:45 ഓടെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു.ഷെല്‍ കോര്‍ട്ടിലെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കിടപ്പുമുറിയില്‍ കുട്ടികളെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പ്രിയദര്‍ശിനിയെ അറസ്റ്റ് ചെയ്ത് സോമര്‍സെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.