കാൽഗറി നഗരസഭ പുറത്തുവിട്ട 2026-ലെ പ്രോപ്പർട്ടി അസസ്‌മെൻ്റ് റിപ്പോർട്ട് പ്രകാരം, സിംഗിൾ ഫാമിലി ഹോമുകളുടെ മൂല്യം വർദ്ധിക്കുകയും കോണ്ടോകളുടെ വില കുറയുകയും ചെയ്തു. നഗരത്തിലെ ശരാശരി സിംഗിൾ ഫാമിലി വീടിൻ്റെ മൂല്യം കഴിഞ്ഞ വർഷത്തെ 6,97,000 ഡോളറിൽ നിന്നും 7,06,000 ഡോളറായി ഉയർന്നു. എന്നാൽ, കോണ്ടോകളുടെ ശരാശരി മൂല്യം 3,59,000 ഡോളറിൽ നിന്നും 3,47,000 ഡോളറായി കുറഞ്ഞു.
ഏകദേശം 45,700 കോടി ഡോളർ മൂല്യമുള്ള 6,14,000 അസസ്‌മെൻ്റ് നോട്ടീസുകളാണ് ഈ ആഴ്ച നഗരസഭ ഉടമകൾക്ക് അയച്ചുതുടങ്ങിയത്. ലൊക്കേഷൻ, വിസ്തീർണ്ണം, നിർമ്മാണ കാലപ്പഴക്കം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ മൂല്യനിർണ്ണയം നടത്തിയിരിക്കുന്നത്.
മൂല്യനിർണ്ണയത്തിലെ ഈ മാറ്റം ഭൂരിഭാഗം ഉടമകളുടെയും പ്രോപ്പർട്ടി ടാക്സിൽ നേരിയ വർദ്ധനവിന് കാരണമാകും. 2026-ൽ പ്രോപ്പർട്ടി ടാക്സിൽ 1.6 ശതമാനം വർദ്ധനവ് നഗരസഭ അംഗീകരിച്ചിട്ടുണ്ട്. ഇത് ശരാശരി ഒരു വീട്ടുടമയ്ക്ക് പ്രതിമാസം ഏകദേശം 4.50 ഡോളറിൻ്റെ അധിക ബാധ്യതയുണ്ടാക്കും. നികുതി തുകയുടെ 60 ശതമാനം കാൽഗറി നഗരസഭയിലേക്കും ബാക്കി 40 ശതമാനം പ്രവിശ്യാ സർക്കാരിലേക്കുമാണ് പോകുന്നത്. ലഭിച്ച അസസ്‌മെൻ്റിൽ പരാതിയുള്ളവർക്ക് മാർച്ച് 23 വരെ നഗരസഭയെ സമീപിക്കാവുന്നതാണ്.