​എഡ്മൻ്റണിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആൽബർട്ട സർക്കാർ

By: 600110 On: Jan 16, 2026, 9:13 AM

 

 

​എഡ്മൻ്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി യുവാവ് പ്രശാന്ത് ശ്രീകുമാർ (44) മരിച്ച സംഭവത്തിൽ ആൽബർട്ട സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബർ 22-ന് നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിന്, ഏകദേശം എട്ടു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നതായും തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. 

സംഭവത്തിൽ നേരത്തെ ഒരു ആഭ്യന്തര അന്വേഷണം നടന്നിരുന്നു. എങ്കിലും പ്രശാന്തിൻ്റെ മരണത്തിൽ ഇനിയും വ്യക്തത വരാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന്  മന്ത്രി മാറ്റ് ജോൺസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സത്യസന്ധവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ ഒരു ജഡ്ജിയുടെ നേതൃത്വത്തിലാണ് fatality inquiry പ്രഖ്യാപിച്ചിരിക്കുന്നത്. ​ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത്തരം ദാരുണമായ സംഭവങ്ങൾ ഒഴിവാക്കുന്നതിനും പുതിയൊരു 'ട്രിയാഷ്' (Triage) സംവിധാനം നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു. ഇതുപ്രകാരം അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ വേഗത്തിൽ പരിശോധിക്കുന്നതിനായി നേഴ്സുമാർക്കൊപ്പം ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. 

കാത്തിരിപ്പ് കേന്ദ്രങ്ങളിൽ  ഇരിക്കുന്ന രോഗികൾക്ക് രക്തപരിശോധനയോ മറ്റ് പ്രാഥമിക ചികിത്സകളോ അവിടെ വെച്ച് തന്നെ ആരംഭിക്കാൻ ഈ സംവിധാനം സഹായിക്കും. എഡ്മൻ്റണിലെയും കാൽഗറിയിലെയും പ്രധാന ആശുപത്രികളിലാകും ഈ മാറ്റം ആദ്യം കൊണ്ടുവരിക. കൊല്ലം സ്വദേശിയായ പ്രശാന്ത് ശ്രീകുമാറിൻ്റെ മരണം ആൽബർട്ടയിലെ ആരോഗ്യമേഖലയിലുണ്ടായ കടുത്ത പ്രതിസന്ധികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.