കാനഡ-ഇന്ത്യ വ്യാപാര ചർച്ചകൾ: ഊർജ്ജ മേഖലയിൽ സഹകരണത്തിന് സാധ്യതയെന്ന് ഡേവിഡ് എബി

By: 600110 On: Jan 16, 2026, 9:04 AM

 

ബി.സി.യിലെ ഖനന, ഊർജ്ജ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ  താത്പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ആറുദിവസത്തെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി മുംബൈയിലെത്തിയതായിരുന്നു അദ്ദേഹം. എൽഎൻജി കാനഡ ഫേസ് 2, കെഎസ്ഐ ലിസിംസ് എൽഎൻജി തുടങ്ങിയ പദ്ധതികളിലും നിർമ്മാണത്തിലിരിക്കുന്ന വുഡ്‌ഫൈബർ എൽഎൻജി പദ്ധതിയിലും ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ  താല്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർബൺ പുറന്തള്ളലും വായുമലിനീകരണവും കുറയ്ക്കുന്നതിനായി ദ്രവീകൃത പ്രകൃതിവാതകം (LNG) ഒരു പ്രധാന പോംവഴിയായാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകൾ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചും പ്രീമിയർ പ്രതികരിച്ചു. ഈ വിഷയത്തിൽ പോലീസ് അന്വേഷണത്തിൽ താൻ പൂർണ്ണ തൃപ്തനല്ലെന്നും അടുത്ത ആഴ്ചയോടെ അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന അറസ്റ്റും ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണവും നിർണ്ണായകമാണെന്ന് പറഞ്ഞ അദ്ദേഹം, കുറ്റവാളികളെ പിടികൂടുന്നതിൽ കൂടുതൽ ഫലപ്രദമായ നടപടികൾ ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സറേ നഗരത്തിൽ മാത്രം ഈ വർഷം ഇതുവരെ ഇത്തരം 16 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.