കാനഡയിലെ ജനങ്ങളിൽ വൈറ്റമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി നിർണ്ണായക നീക്കവുമായി ഹെൽത്ത് കാനഡ

By: 600110 On: Jan 15, 2026, 11:36 AM

 

കാനഡയിലെ ജനങ്ങളിൽ വൈറ്റമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി നിർണ്ണായക നീക്കവുമായി ഹെൽത്ത് കാനഡ. പാലും മാർഗരിനും ഉത്പാദിപ്പിക്കുന്ന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ചേർക്കുന്ന വൈറ്റമിൻ ഡിയുടെ അളവ് ഇരട്ടിയിലധികമായി വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ ഹെൽത്ത് ഏജൻസി നിർദ്ദേശിച്ചു.

കാനഡയിലെ അഞ്ചിൽ ഒരാൾക്ക് ആവശ്യമായ അളവിൽ വൈറ്റമിൻ ഡി ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരീരത്തിന് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ ആവശ്യമായ സൂര്യപ്രകാശം കാനഡയിൽ പലപ്പോഴും വേണ്ടത്ര ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ 'സൺഷൈൻ വൈറ്റമിൻ' എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെ നേരിട്ട് നൽകാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും അത്യന്താപേക്ഷിതമായ ഈ വൈറ്റമിൻ ഇനി മുതൽ കനേഡിയൻ വിപണിയിലെ പാലിലും മാർഗരിനിലും ഉയർന്ന അളവിൽ ലഭ്യമാകും.

2025 ഡിസംബർ 31 മുതൽ ഈ പുതിയ നിയമം നിർബന്ധമാക്കിയിട്ടുണ്ട്. പശുവിൻ പാലിലും ആട്ടിൻ പാലിലും ഇനി മുതൽ ഒരു കപ്പിന്  ഏകദേശം അഞ്ച് മൈക്രോഗ്രാം വൈറ്റമിൻ ഡി ഉണ്ടായിരിക്കണം. 50 ഗ്രാം (ഏകദേശം മൂന്ന് ടേബിൾ സ്പൂൺ) മാർഗരിനിൽ 13 മൈക്രോഗ്രാം എന്ന തോതിലായിരിക്കണം വൈറ്റമിൻ ഡി ചേർക്കേണ്ടത്. തൈര്, പ്ലാൻ്റ് ബേസ്ഡ് പാനീയങ്ങൾ എന്നിവയിലും വൈറ്റമിൻ ഡി ചേർക്കാമെങ്കിലും അത് നിർബന്ധമല്ല. മുതിർന്നവർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു.വൈറ്റമിൻ ഡി അമിതമാകുന്നത് ദോഷകരമാണെങ്കിലും പുതിയ അളവ് സുരക്ഷിതവും ഗുണകരവുമാണെന്ന് ഹെൽത്ത് കാനഡ ഉറപ്പുനൽകുന്നു.