കഴിഞ്ഞ ആഴ്ച നോർത്ത് വെസ്റ്റ് കാൽഗറിയിലെ ഒരു വീടിനുള്ളിൽ നടന്ന മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. വീട് കാണാനെന്ന വ്യാജേന വിളിച്ചുവരുത്തി തന്നെ ആക്രമിച്ചയാളെ ആത്മരക്ഷാർത്ഥം പ്രതിരോധിക്കുന്നതിനിടയിലാണ് സ്ത്രീ കൊലപ്പെടുത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ, ഇതൊരു കുറ്റകരമായ നരഹത്യയല്ലെന്ന് കാൽഗറി പോലീസ് വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഷഹബാസ് അഹമ്മദ് എന്ന വ്യക്തി സ്ത്രീയെ ആക്രമിച്ചത്. വീട് കാണാനെന്ന വ്യാജേന ഇയാൾ സ്ത്രീയെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീടിനുള്ളിൽ പ്രവേശിച്ച ഉടൻ അഹമ്മദ് യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീയെ ആക്രമിച്ചു. തുടർന്നുള്ള മൽപിടുത്തത്തിനിടയിൽ, സ്വയം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സ്ത്രീ അഹമ്മദിനെ കൊലപ്പെടുത്തിയത്. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ യാതൊരു വിധത്തിലുള്ള ക്രിമിനൽ നടപടികളും ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. സ്ത്രീയുടെ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും പോലീസ് വ്യക്തമാക്കി.