കാനഡയിൽ പുതിയ രീതിയിലുള്ള ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; വയോധികന് നഷ്ടമായത് 4,000 ഡോളർ

By: 600110 On: Jan 15, 2026, 10:52 AM

 

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തുന്ന പുതിയ സംഘത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ടൊറൻ്റോ പോലീസ്. പ്രായമായ ഒരാളെ കബളിപ്പിച്ച് 4,000 ഡോളറോളം തട്ടിയെടുത്ത സംഭവത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ഡിസംബർ 29-നാണ് സംഭവം നടന്നത്. ബാങ്കിലെ 'ക്രെഡിറ്റ് ഇൻവെസ്റ്റിഗേറ്റർ' ആണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി ഇരയെ ഫോണിൽ വിളിച്ചത്. ക്രെഡിറ്റ് കാർഡ് മറ്റാരോ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സുരക്ഷയ്ക്കായി കാർഡ് ഉടൻ മുറിച്ചു കളയണമെന്നും പ്രതി നിർദ്ദേശിച്ചു. മുറിച്ച കാർഡിൻ്റെ കഷണങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കാൻ ഒരു റൈഡ്-ഷെയർ കൂറിയർ വീട്ടിലെത്തുമെന്നും ഇയാൾ വിശ്വസിപ്പിച്ചു.

ഫോൺ കോളിന് തൊട്ടുപിന്നാലെ കാറിലെത്തിയ ഒരാൾ വയോധികൻ്റെ വീട്ടിൽ നിന്ന് മുറിച്ച കാർഡിൻ്റെ ഭാഗങ്ങൾ ശേഖരിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് തൻ്റെ അക്കൗണ്ടിൽ നിന്ന് വൻ തുക നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.  രണ്ട് പേരാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ 25-നും 35-നും ഇടയിൽ പ്രായമുള്ളയാളാണ്. ഇയാൾ ചുവന്ന നിറത്തിലുള്ള മൊറോക്കോ ഫുട്ബോൾ ജേഴ്സിയും കറുത്ത പാൻ്റും ധരിച്ചിരുന്നു. രണ്ടാമത്തെ പ്രതി പച്ച ജാക്കറ്റാണ് ധരിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ച കറുത്ത ബി.എം.ഡബ്ല്യു (BMW X5 SUV) കാറിൻ്റെയും പ്രതികളുടെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 

ബാങ്കുകൾ ഒരിക്കലും ക്രെഡിറ്റ് കാർഡുകളോ അവയുടെ കഷണങ്ങളോ ശേഖരിക്കാൻ ആളുകളെ വീട്ടിലേക്ക് അയക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഫോണിലൂടെ ബാങ്ക് വിവരങ്ങളോ കാർഡ് വിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. സംശയാസ്പദമായ ഫോൺ കോളുകൾ വന്നാൽ ഉടൻ തന്നെ ബാങ്കിൻ്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് വിവരം ഉറപ്പുവരുത്തണം. ഈ തട്ടിപ്പുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ടൊറൻ്റോ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.