ക്യൂബെക് പ്രീമിയർ ഫ്രാൻസ്വ ലോ ഗോൾട്ട് രാജിവെച്ചു

By: 600110 On: Jan 15, 2026, 9:41 AM

ഏഴ് വർഷത്തിലേറെയായി ക്യൂബെക് പ്രവിശ്യയുടെ ഭരണത്തലവനായിരുന്ന ഫ്രാൻസ്വ ലോ ഗോൾട്ട് തന്റെ ഔദ്യോഗിക പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പ്രവിശ്യാ രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചുകൊണ്ടുള്ള ഈ നീക്കം. താൻ സ്ഥാപിച്ച 'കൊയലിഷൻ അവനീർ ക്യൂബെക്' (CAQ) പാർട്ടിക്ക് പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരും.

ക്യൂബെക്കിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് തൻ്റെ പടിയിറക്കമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാലത്തെ അദ്ദേഹത്തിൻ്റെ ഭരണമികവ്  പ്രശംസ പിടിച്ചുപറ്റിയിരുന്നെങ്കിലും, അടുത്ത കാലത്തായി സർക്കാരിൻ്റെ ജനപ്രീതിയിലുണ്ടായ ഇടിവും പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുമാണ് രാജിക്കുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഭരണകൂടം നേരിട്ട നിരവധി വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് അദ്ദേഹത്തിൻ്റെ രാജിയിലേക്ക് നയിച്ച ഘടകങ്ങൾ.

ഓട്ടോ ഇൻഷുറൻസ് ബോർഡിലെ അഴിമതികൾ, നോർത്ത് വോൾട്ട് ബാറ്ററി പദ്ധതിയുടെ പരാജയം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ എന്നിവ സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ, സെക്യുലറിസം (Bill 21), ഫ്രഞ്ച് ഭാഷാ സംരക്ഷണം (Bill 96) തുടങ്ങിയ ബില്ലുകളിലെ വിവാദപരമായ പരിഷ്കാരങ്ങൾ വലിയ ജനരോഷത്തിന് കാരണമായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ സൈമൺ ജോലിൻ-ബാരെറ്റ്, സോണിയ ലെബെൽ എന്നിവരിൽ ഒരാൾ പുതിയ നേതാവായി എത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.