കാനഡയെ അമേരിക്ക പിടിച്ചടക്കിയേക്കുമെന്ന് ആശങ്ക; സർവ്വേ ഫലങ്ങൾ പുറത്ത്

By: 600110 On: Jan 15, 2026, 9:30 AM

 

അയൽരാജ്യമായ അമേരിക്ക തങ്ങള ആക്രമിച്ച് കീഴടക്കിയേക്കാൻ ശ്രമിച്ചേക്കുമെന്ന്  കാനഡയിലെ മൂന്നിലൊന്ന് ജനങ്ങളും വിശ്വസിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ ലെഗർ (Leger) നടത്തിയ പഠനത്തിലാണ് കനേഡിയൻ ജനതയുടെ ഈ ആശങ്ക വെളിപ്പെട്ടത്. സർവ്വേയിൽ പങ്കെടുത്ത 31 ശതമാനം കാനഡക്കാരും ഭാവിയിൽ അമേരിക്ക തങ്ങളുടെ രാജ്യത്തിന് മേൽ നേരിട്ടുള്ള നടപടികൾക്ക് മുതിരുമെന്ന് വിശ്വസിക്കുന്നവരാണ്.

കാനഡയ്ക്ക് പുറമെ ഗ്രീൻലാൻഡ്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളെയും അമേരിക്ക ലക്ഷ്യം വെച്ചേക്കുമെന്ന് സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏകദേശം 20 ശതമാനം അമേരിക്കക്കാരും തങ്ങളുടെ രാജ്യം ഭാവിയിൽ കാനഡയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെനസ്വേലയിലെ അമേരിക്കൻ സൈനിക നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം കാനഡക്കാരും  വിലയിരുത്തുന്നു. അമേരിക്കയുടെ ഇത്തരം നടപടികൾ ആ രാജ്യത്തോടുള്ള തങ്ങളുടെ മതിപ്പ് കുറച്ചതായി 56 ശതമാനം കാനഡക്കാരും അഭിപ്രായപ്പെട്ടു. കാനഡയിലെ മുതിർന്ന തലമുറയാണ് ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്. ഇത് ജനങ്ങളിൽ രാജ്യസ്നേഹവും കാനഡയെ സംരക്ഷിക്കണമെന്ന ചിന്തയും വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.