കാനഡയിൽ ഭക്ഷണപ്പായ്ക്കറ്റുകളിൽ ഇനി 'മുന്നറിയിപ്പ്' ലേബലുകൾ; നിയമം പ്രാബല്യത്തിൽ

By: 600110 On: Jan 15, 2026, 9:21 AM

കാനഡയിലെ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങളിൽ ഇനിമുതൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധിതമാക്കി . ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനാണ് ഈ മാറ്റം. ഇതനുസരിച്ച് ഉൽപ്പന്നങ്ങളിൽ പൂരിത കൊഴുപ്പ് (Saturated fat), സോഡിയം (ഉപ്പ്), പഞ്ചസാര എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത് പാക്കറ്റിന് മുന്നിൽത്തന്നെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഹെൽത്ത് കാനഡയുടെ പുതിയ നിർദ്ദേശപ്രകാരം, കറുപ്പും വെളുപ്പും നിറത്തിലുള്ള ഈ ലേബൽ ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ പായ്ക്കറ്റിൻ്റെ മുകൾ ഭാഗത്തായിരിക്കണം നൽകേണ്ടത്. ഹൃദ്രോഗം, പക്ഷാഘാതം, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങളെ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനുമാണ് ഈ പുതിയ മാറ്റം. നിലവിൽ പായ്ക്കറ്റുകളുടെ പുറകുവശത്തുള്ള പോഷകാഹാര പട്ടികയ്ക്ക്  പുറമെയാണ് മുൻവശത്തുള്ള ഈ പുതിയ ലേബൽ. സാധാരണയായി ഒരു ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ പ്രതിദിനം ആവശ്യമുള്ളതിന്റെ 15 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ അതിനെ 'ഉയർന്ന അളവ്' എന്ന് കണക്കാക്കും. ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ അടങ്ങിയ പായ്ക്കറ്റുകളിൽ ഈ ലേബൽ നിർബന്ധമാണ്.

കാനഡയിലെ മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും അമിതവണ്ണവും അനുബന്ധ രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഈ ലേബലുകൾ വലിയ ഗുണം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജങ്ക് ഫുഡുകൾക്കും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾക്കും ഈ നിയന്ത്രണം കർശനമായിരിക്കും.