ബി.സിയിലെ അബോട്ട്സ്‌ഫോർഡിൽ 2022-ൽ ദമ്പതികളായ ആർനോൾഡ് ഡി ജോങ്ങിനെയും ജോവാൻ ഡി ജോങ്ങിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ യുവാക്കളുടെ വിചാരണ ആരംഭിച്ചു. പ്രതികളിൽ ഒരാളായ ഗുർകരൻ സിംഗ് കൊലപാതകം നടക്കുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് സ്റ്റുഡൻ്റ് വിസയിൽ കാനഡയിൽ എത്തിയതെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ബി.സിയിലെ നോർത്തേൺ ലൈറ്റ്‌സ് കോളേജിൽ പഠിക്കാനായി എത്തിയ ഇയാൾ ഒരിക്കൽ പോലും കോളേജിൽ പോയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കൂട്ടുപ്രതികളായ അഭിജിത് സിംഗ്, ഖുഷ്വീർ സിംഗ് എന്നിവരോടൊപ്പം ചേർന്ന് സാമ്പത്തിക ലാഭത്തിനും കടബാധ്യതകൾ തീർക്കാനുമായി നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.
ദമ്പതികളുടെ വീട് വൃത്തിയാക്കാൻ എത്തിയ ക്ലീനിംഗ് കമ്പനി വഴിയാണ് പ്രതികൾ ഇരുവരെയും പരിചയപ്പെടുന്നത്. മോഷണശ്രമത്തിനിടെ കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ജോവാൻ ഡി ജോങ്ങിന്റെ വ്യാജ ഒപ്പിട്ട ചെക്കുകൾ പ്രതികൾ ബാങ്കിൽ കൊടുത്ത് മാറുകയും മോഷണം പോയ സാധനങ്ങൾ വിൽക്കുകയും ചെയ്തു. വിരലടയാളം, ഡി.എൻ.എ. തെളിവുകൾ, ഫോൺ രേഖകൾ തുടങ്ങി ശക്തമായ സാഹചര്യത്തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. നിലവിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല. എട്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്ന വിചാരണയിൽ 24-ഓളം സാക്ഷികളെ കോടതി വിസ്തരിക്കും.