കാനഡയിൽ താൽക്കാലിക താമസക്കാരായി എത്തിയ ദശലക്ഷക്കണക്കിന് ആളുകളുടെ വിസ കാലാവധി ഈ വർഷം അവസാനിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം കാലാവധി കഴിഞ്ഞ 1.49 ദശലക്ഷം പെർമിറ്റുകൾക്ക് പുറമെ ഈ വർഷം 1.4 ദശലക്ഷം പെർമിറ്റുകൾ കൂടി കാലഹരണപ്പെടും. ഇതിൽ 55 ശതമാനവും ജൂൺ മാസത്തിനുള്ളിൽ അവസാനിക്കുന്നവയാണ്.
പി.ആർ (PR) ലഭിക്കാനുള്ള അവസരങ്ങൾ പരിമിതമായതിനാൽ, ഏകദേശം 2.1 ദശലക്ഷത്തോളം പേർക്ക് നിയമപരമായ പദവി നഷ്ടപ്പെടാനോ രാജ്യം വിടേണ്ടി വരാനോ ഉള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായി കാനഡയിൽ പഠനത്തിനും തൊഴിലിനുമായി കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ പ്രതിസന്ധിയിൽ വലിയ ആശങ്കയിലാണ്. തൊഴിൽ മേഖലയിലെ മാന്ദ്യവും കുടിയേറ്റ നിയമങ്ങളിലെ കർശനമായ മാറ്റങ്ങളും മൂലം സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ പലർക്കും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.
മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും പുതിയ താരിഫ് നിയന്ത്രണങ്ങളും മൂലം കാനഡയിലെ കമ്പനികൾ പിരിച്ചുവിടൽ നടപടികൾ തുടരുന്നത് കുടിയേറ്റക്കാരുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിയമപരമായ പദവി ഇല്ലാതെ രാജ്യത്ത് തുടരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പും ഇമിഗ്രേഷൻ വിദഗ്ധർ നൽകുന്നുണ്ട്.