ആൽബർട്ടയിലെ പുതിയ ആരോഗ്യ പരിഷ്കരണങ്ങൾക്കെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ അമിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു. സർക്കാരിന്റെ പുതിയ ആരോഗ്യ പരിഷ്കാരങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) കുറ്റപ്പെടുത്തി.
രോഗികളുടെ വർദ്ധിച്ച ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ സംവിധാനം പരാജയപ്പെട്ടുവെന്ന് എ.എം.എ. പ്രസിഡന്റ് ബ്രയാൻ വിർസ്ബ പറഞ്ഞു. 2022 അവസാനം മുതൽ വലിയ നഗരങ്ങളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം 70% വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ആശുപത്രികൾക്കിടയിൽ മികച്ച ഏകോപനവും വ്യക്തമായ ഉത്തരവാദിത്തവും പുനഃസ്ഥാപിക്കണമെന്ന് എ.എം.എ. സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രീമിയർ ഡാനിയൽ സ്മിത്തും മന്ത്രിമാരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പി.യിലെ സാറാ ഹോഫ്മാൻ പറഞ്ഞു. വെറും പ്രസ്താവനകൾ ഇറക്കാതെ ആരോഗ്യപ്രവർത്തകർക്ക് യഥാർത്ഥ പിന്തുണ നൽകണമെന്നും സാറാ ഹോഫ്മാൻ ആവശ്യപ്പെട്ടു.